
സാമ്പത്തിക - നിക്ഷേപ തട്ടിപ്പു കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് രണ്ട് കോടതികൾ വരികയാണ്. ആലപ്പുഴയിലും തൃശൂരിലും. തെക്കൻ ജില്ലകളിലെ തട്ടിപ്പുകേസുകൾ ആലപ്പുഴയിലെ അഡിഷണൽ ജില്ലാ കോടതി മൂന്നിലും വടക്കൻ ജില്ലകളിലേത് തൃശൂർ ജില്ലാ കോടതി മൂന്നിലുമാകും ഇനിമുതൽ വിചാരണയ്ക്കെടുക്കുക. കേന്ദ്ര നിക്ഷേപ സംരക്ഷണ നിയമമനുസരിച്ചാണ് ഈ പ്രത്യേക കോടതി നിലവിൽ വന്നിരിക്കുന്നത്. ശക്തമായ നിയമങ്ങൾ വന്നിട്ടും സംസ്ഥാനത്ത് നിക്ഷേപ തട്ടിപ്പുകൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കും കുറവൊന്നുമില്ല. ഈ സാഹചര്യത്തിൽ ഇത്തരം കേസുകൾക്കു മാത്രമായി പ്രത്യേക കോടതികൾ വരുന്നത് കേസുകൾ വേഗം തീർപ്പാക്കാനും അതുവഴി നിക്ഷേപകരുടെ താത്‌പര്യങ്ങൾ സംരക്ഷിക്കാനും അവസരം ലഭിക്കുന്നതാണ്. പൊലീസും പ്രോസിക്യൂഷനും നല്ല ശുഷ്കാന്തി കാണിച്ചാൽ കബളിപ്പിക്കലിന് ഇരയാകുന്നവർക്ക് എളുപ്പം ആശ്വാസവും ലഭിക്കും.
ഈ അടുത്തകാലത്തുണ്ടായ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേരളത്തിലും പുറത്തുമായി ഇരുപതിനായിരത്തോളം പേരെയാണ് കഷ്ടത്തിലാക്കിയത്. ഉയർന്ന പലിശ വാഗ്ദാനത്തിൽ കുടുങ്ങി ജീവിത സമ്പാദ്യമത്രയും ഈ കമ്പനിയിൽ നിക്ഷേപിച്ച ആയിരക്കണക്കിനു പേർ അക്ഷരാർത്ഥത്തിൽ വഴിയാധാരമായിരിക്കുകയാണ്. നിക്ഷേപകരിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. ഭാവിയിലെ വലിയ ആവശ്യങ്ങൾക്കായി നിക്ഷേപം നടത്തിയവരാണ് അധികവും. വസ്തുക്കൾ വിറ്റു നിക്ഷേപം നടത്തിയവരും റിട്ടയർമെന്റ് ആനുകൂല്യം അപ്പാടെ നിക്ഷേപിച്ചവരുമൊക്കെ ഉണ്ട്. ജനങ്ങളിൽ വിശ്വാസം ജനിപ്പിച്ച് വൻതോതിൽ വാരിക്കൂട്ടിയ നിക്ഷേപങ്ങൾ കമ്പനി ഉടമകൾ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ സ്വാർത്ഥലാഭത്തിനായി വക മാറ്റുകയായിരുന്നു എന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ. വിദേശത്തേക്കു പോലും നിക്ഷേപം കടത്തിയതായി തെളിഞ്ഞിട്ടുണ്ട്. സ്ഥാപന ഉടമയും ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കമ്പനി ചതിക്കുഴിയിൽപ്പെടുത്തിയ നിക്ഷേപകർ തങ്ങളുടെ പണം മടക്കിക്കിട്ടാനായി നെട്ടോട്ടം ഓടുകയാണിപ്പോൾ. ഒന്നും രണ്ടുമല്ല ഇരുപതിനായിരത്തോളം പേരിൽ നിന്നായി 1600 കോടിയോളം രൂപയാണ് കമ്പനി സമാഹരിച്ചതത്രെ. കമ്പനിയുടെ സ്വത്തുവകകളും ബാങ്കുകളിലുള്ള നിക്ഷേപവുമൊക്കെ ഇതിനകം മരവിപ്പിച്ചിട്ടുണ്ട്. കമ്പനി ഉടമകളെല്ലാം റിമാൻഡിലുമാണ്. ഇനി കോടതി നടപടികളിലൂടെ വേണം കമ്പനിയുടെ ആസ്തിബാദ്ധ്യതകൾ തിട്ടപ്പെടുത്തി, ശേഷിക്കുന്ന സ്വത്തുക്കൾ വിറ്റഴിച്ച് നിക്ഷേപകർക്ക് ആനുപാതികമായി പണം തിരിയെ നൽകാൻ. സ്വാഭാവികമായും അതിനു കാലതാമസമെടുക്കും. പോപ്പുലർ ഫിനാൻസിന്റെ പേരിലുള്ള സ്വത്തുവകകൾ അപ്പാടെ ജില്ലാ കളക്ടർമാർ ഏറ്റെടുത്തു കഴിഞ്ഞു. ഇവ വിറ്റാകും നിക്ഷേപത്തുക മടക്കി നൽകുന്നത്.
സംസ്ഥാനത്ത് സമാനമായ വേറെയും ഒട്ടനവധി തട്ടിപ്പുകേസുകൾ നിലവിലുണ്ട്. ഈയിനത്തിലുള്ള കേസുകളുടെ വിവരങ്ങൾ സമാഹരിച്ച് വിവരം ഹൈക്കോടതിക്കു കൈമാറുന്നതാണ്. പ്രത്യേക കോടതികൾ നിലവിൽ വന്ന സ്ഥിതിക്ക് കേസുകൾ ബന്ധപ്പെട്ട മേഖലാ കോടതികളുടെ തീർപ്പിനു വിടാനാകും. ഇത്തരം തട്ടിപ്പുകേസുകളിൽ പരമാവധി വേഗത്തിൽ കേസുകൾ തീർപ്പാക്കുക എന്നത് പരമപ്രധാനമാണ്. അതു സാദ്ധ്യമാക്കാനുള്ള നടപടികൾ ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകണം. ഫിനാൻസ് കമ്പനികളുടെ മോഹനവാഗ്ദാനങ്ങളിൽ കുടുങ്ങി സമ്പാദ്യമത്രയും നഷ്ടമാക്കിയ സാധാരണക്കാരുടെ ദയനീയ സ്ഥിതി കാണാതെ പോകരുത്. കേസ് കൈകാര്യം ചെയ്യുന്നതിലെ ആത്മാർത്ഥതയെ ആശ്രയിച്ചാകും കേസിന്റെ പുരോഗതി. മുൻകാലങ്ങളിൽ നടന്ന നിക്ഷേപ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് അനവധി കേസുകൾ വിവിധ കോടതികളിൽ ഇപ്പോഴും തീർപ്പിനായി കാത്തുകിടപ്പുണ്ട്. ആദ്യകാലത്തെ കോലാഹലം ഒടുങ്ങുമ്പോൾ പണം നഷ്ടപ്പെട്ടവർ ഒഴികെ മറ്റെല്ലാവരും സംഭവം പാടേ മറക്കും. വിങ്ങുന്ന മനസുമായി നിക്ഷേപകർ ആശ്രയമറ്റ് കോടതിവരാന്ത കയറി മടുക്കും. തട്ടിപ്പിലൂടെ നേടിയ അളവറ്റ പണം കൈയിലുള്ള കറക്കുകമ്പനികളുടെ ആൾക്കാർക്ക് എത്രകാലം വേണമെങ്കിലും കേസുമായി മുമ്പോട്ടു പോകാനാവും. നിയമങ്ങളിലെ അവസാന പഴുതും പ്രയോജനപ്പെടുത്താനുമാകും. മിച്ചം പിടിച്ച് കൂട്ടിവച്ച് നിക്ഷേപമായി ഇട്ട സമ്പാദ്യമത്രയും ഒറ്റയടിക്ക് നഷ്ടപ്പെട്ട സാധുക്കളുടെ ജീവിതമാണ് തകർന്നടിയുന്നത്.
സുരക്ഷിതമായ നിക്ഷേപ മാർഗങ്ങൾ അനവധി വേറെയുള്ളപ്പോൾ ഇത്തരം കമ്പനികളുടെ പിറകെ എന്തിനു പോ കുന്നു എന്ന ചോദ്യം ഉയരുക സ്വാഭാവികമാണ്. നിക്ഷേപത്തിന് നൽകുന്ന ഉയർന്ന തോതിലുള്ള പലിശയിൽ ആകൃഷ്ടരായാണ് പലരും ഫിനാൻസ് കമ്പനികളെ സമ്പാദ്യമത്രയും ഏല്പിക്കുന്നത്. ബാങ്ക് നിരക്കുകൾ വല്ലാതെ കുറഞ്ഞത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ സ്വീകാര്യത പതിന്മടങ്ങു വർദ്ധിപ്പിക്കുന്നുമുണ്ട്.
നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും തട്ടിപ്പു കമ്പനികളെ പിടികൂടുന്നതിനും വേണ്ടി കേന്ദ്രം കൊണ്ടുവന്ന ബഡ്സ് എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പുതിയ നിയമത്തെപ്പറ്റി ജനങ്ങൾ ബോധവാന്മാരാകേണ്ടതുണ്ട്. വലിയ തോതിൽ പലിശ വാഗ്ദാനം ചെയ്യുന്ന കമ്പനികളിൽ അന്വേഷണ ഏജൻസികൾക്കും ഒരു കണ്ണുണ്ടായിരിക്കണം. ചെറുതും വലുതുമായ എല്ലാ പണമിടപാടു സ്ഥാപനങ്ങളും ബഡ്സ് ആക്ടനുസരിച്ച് രജിസ്ട്രേഷൻ എടുക്കണമെന്ന് നിബന്ധന ഉണ്ട്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി ഉണ്ടായാൽ അടിയന്തരമായി അന്വേഷിച്ച് മേൽനടപടികൾ സ്വീകരിക്കാൻ പൊലീസ് നടപടി എടുക്കണം. പരാതി ഉയരുന്ന കമ്പനി അടച്ചുപൂട്ടാനും അതിന്റെ സ്വത്തുക്കൾ മരവിപ്പിക്കാനും സത്വര നടപടി എടുത്താൽ ഒരു പരിധിവരെ നിക്ഷേപക താത്‌പര്യങ്ങൾ സംരക്ഷിക്കാനാകും.
എം.എൽ.എ പ്രതിയായ സ്വർണാഭരണശാലാ നിക്ഷേപത്തട്ടിപ്പ് ഉൾപ്പെടെ വമ്പൻ കേസുകൾ പരിഹാരം കാണാനാവാതെ വിവിധ ജില്ലകളിലായുണ്ട്. എവിടെയും സാധാരണക്കാരാണ് ഇരകളിൽ അധികവും. എത്ര അനുഭവപാഠങ്ങൾ മുന്നിലുണ്ടെങ്കിലും ആരും പഠിക്കുന്നില്ലെന്നത് തട്ടിപ്പുകാർ തഴച്ചുവളരാൻ അവസരം നൽകുന്നുണ്ട്. തട്ടിപ്പുകമ്പനികളുടെ മോഹവലയിൽ വീഴാതെ നോക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ വഴി എന്ന് ഏവരും മനസിലാക്കണം.