തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സി.ആർ.പി.സി 144 പ്രകാരം തിരു. ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ 15ന് അർദ്ധരാത്രി വരെ നീട്ടിയതായി കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ചീഫ് സെക്രട്ടറി എന്നിവരുമായി ചർച്ച ചെയ്തതിനു ശേഷമാണ് കളക്ടറുടെ തീരുമാനം.
ആദ്യ ഘട്ടങ്ങളിൽ സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നതിൽ കൂടുതൽ രോഗികൾ ജില്ലയിലായിരുന്നു. നിരോധനാജ്ഞ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സമരങ്ങളും മറ്റും ഒഴിവാക്കിയത് രോഗവ്യാപനം കുറച്ചുവെന്നാണ് വിലയിരുത്തുന്നത്. ഒക്ടോബർ 2ന് അർദ്ധരാത്രി മുതൽ 31ന് അർദ്ധരാതി വരെയാണ് ആദ്യ ഘട്ടത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നത്. ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വലിയ രീതിയിൽ രോഗവ്യാപനത്തിൽ കുറവുണ്ടായെന്നും കളക്ടർ പറഞ്ഞു. ജില്ലയിൽ ഇതുവരെ ആകെ 57,939 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 8,547 പേരാണ് ചികിത്സയിലുള്ളത്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള പ്രോട്ടോക്കോളുകൾ ശക്തമായി തുടർന്നാൽ രോഗികളുടെ എണ്ണം ഇനിയും കുറയ്ക്കാനാകും. ഇതു മുൻനിറുത്തിയാണ് നിയന്ത്രണങ്ങൾ ദീർഘിപ്പിക്കുന്നതെന്നും കളക്ടർ പറഞ്ഞു.
അഞ്ചു പേരിൽ കൂടുതൽ സ്വമേധയാ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ വിവാഹം, ശവസംസ്‌കാര ചടങ്ങുകൾ എന്നിവയിൽ 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല.
കണ്ടെയ്ൻമെന്റ് സോണിനു പുറത്ത് അഞ്ചുപേരിൽ കൂടുതലുള്ള പൊതു പരിപാടികളോ കൂട്ടംചേരലുകളോ അനുവദിക്കില്ല. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത ചടങ്ങുകൾ എന്നിവയ്ക്കുള്ള ഇൻഡോർ പരിപാടികളിൽ പരമാവധി 20 പേരെവരെ പങ്കെടുപ്പിക്കാം. കണ്ടെയ്ൻമെന്റ് സോണിനു പുറത്ത് പരമാവധി 50 പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങുകൾ നടത്താം. പൊതുഗതാഗതം, സർക്കാർ സ്ഥാപനങ്ങൾ, വാണിജ്യവ്യവസായ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവ സാമൂഹിക അകലം, ബ്രേക്ക് ദ ചെയിൻ പ്രോട്ടോക്കോളുകൾ പാലിച്ച് പ്രവർത്തിക്കാം. ഒക്ടോബർ 2ന് മുൻപ് പ്രഖ്യാപിച്ച പൊതു പരീക്ഷകൾ മുൻനിശ്ചയിച്ചതനുസരിച്ച് നടത്താം. ഇനി പ്രഖ്യാപിക്കാനുള്ള പരീക്ഷകൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ ക്രമീകരിക്കും.