xdxx

തിരുവനന്തപുരം: ഏഴു മാസത്തെ അടച്ചിടലിനു ശേഷം മൃഗശാലയും മ്യൂസിയവും ചൊവ്വാഴ്ച സന്ദർശകർക്കായി തുറക്കും. പ്രഭാത സവാരിക്കെത്തുന്നവർക്ക് വേണ്ടി പുലർച്ചെ 4 മുതൽ മ്യൂസിയത്തിന്റെ കവാടവും തുറക്കാനാണ് തീരുമാനം. പ്രഭാത - സായാഹ്‌ന സവാരികൾക്കായി നഗരവാസികൾ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന മ്യൂസിയം കോമ്പൗണ്ട് തുറക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ അനുകൂല നടപടി നേരത്തേ ഉണ്ടായില്ല. പ്രതിദിനം ആയിരത്തിലധികം പേരാണ് ഇവിടെ പ്രഭാത സവാരിക്ക് എത്തിയിരുന്നത്. കർശന നിയന്ത്രണങ്ങൾ അനുസരിച്ചാകും പ്രവേശനം അനുവദിക്കുക. മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കും. പ്രവേശന കവാടത്തിൽ ശരീരോഷ്മാവ് അളക്കുന്നതിനുള്ള സംവിധാനവും ഉണ്ടാകും. ടിക്കറ്റ് കൗണ്ടറുകളിലും നടവഴികളിലും ആൾകൂട്ടം അനുവദിക്കില്ല. ഉപയോഗിച്ച മാസ്‌കുകളോ മറ്റു സാധനങ്ങളോ കോമ്പൗണ്ടിൽ വലിച്ചറിയാനും അനുവദിക്കില്ല. മൃഗശാല പെയിന്റടിച്ച് മോടി കൂട്ടിയിട്ടുണ്ട്.