keralappiravi

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ ഒഴിയാഭീതി. തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയച്ചൂട്. രണ്ടിന്റെയും നടുവിൽ പൊള്ളുന്ന വിവാദങ്ങളുടെ കോളിളക്കത്തിൽ ഇന്ന് 64ാം കേരളപ്പിറവി.

ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പ്. 2021ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പ്. അതിന് തൊട്ടുമുമ്പുള്ള ഈ കേരളപ്പിറവി ദിനത്തിൽ, യു.ഡി.എഫ്, ഇടതു സർക്കാരിനെതിരെ വഞ്ചനാദിനം ആചരിക്കും. ജനക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് വിവാദങ്ങളെ അതിജീവിക്കാനാണ് ഇടതുമുന്നണി ശ്രമം. വിവാദങ്ങളിൽ രാഷ്ട്രീയലാഭം കൊതിക്കുന്ന ബി.ജെ.പിക്ക് ഉൾപ്പാർട്ടി കലഹം തലവേദനയാകുന്നു.

സ്വർണ്ണക്കടത്തും രാഷ്ട്രീയവും

കൊവിഡ് പ്രതിരോധത്തിൽ മുന്നേറവേ, കൊവിഡ് രോഗികളുടെ വിവരശേഖരണത്തിന് അമേരിക്കൻ കമ്പനിയായ സ്‌പ്രിൻക്ലറിന് കരാർ നൽകിയതിൽ തുടങ്ങുന്നു വിവാദങ്ങൾ. ആ കരാറിന് ചുക്കാൻ പിടിച്ചത് ഇപ്പോൾ ഇ.ഡി അറസ്റ്റ് ചെയ്ത എം. ശിവശങ്കർ. വിവാദമായപ്പോൾ കരാറിൽ നിന്ന് പിൻവാങ്ങിയെങ്കിലും ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി,​ ഐ. ടി. സെക്രട്ടറി സ്ഥാനങ്ങളിൽ തുടർന്നു. ഐ.ടി വകുപ്പിൽ വിവാദ ഭൂതങ്ങൾ കുടം പൊട്ടിക്കാൻ കാത്തു നിൽക്കുകയായിരുന്നു.

നയതന്ത്ര സ്വർണ്ണക്കടത്തിലെ പ്രതി സ്വപ്നയുമായി ശിവശങ്കറിനുണ്ടായ വഴിവിട്ട ബന്ധം കോളിളക്കമായി. അതോടെ ശിവശങ്കറിന്റെ കസേര തെറിച്ചു. ഇപ്പോൾ എൻ.ഐ.എയും കസ്റ്റംസും എൻഫോഴ്സ്‌മെന്റും സി.ബി.ഐയും ഭരണസിരാകേന്ദ്രത്തിന് ചുറ്റും വട്ടമിട്ട് പറക്കുന്നു. സർക്കാരിന്റെ ഭവനപദ്ധതിയായ ലൈഫ് മിഷനിലും അഴിമതിയുടെ പുകമറ പരക്കുന്നു.

സോളാർ വിവാദത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച ആക്ഷേപങ്ങൾ അദ്ദേഹത്തെ തിരിഞ്ഞുകുത്തുന്നു. പ്രതിപക്ഷവും ബി.ജെ.പിയും പ്രതിഷേധവുമായി കളത്തിലിറങ്ങി. ഖുറാൻ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്‌തു. മുഖ്യമന്ത്രിയുടേയും ജലീലിന്റെയും രാജിക്കായി മുറവിളി ശക്തമായി. സെപ്റ്റംബർ 24ന് നിയമസഭയിൽ അവിശ്വാസപ്രമേയവുമായി പ്രതിപക്ഷം ആക്രമണം കനപ്പിച്ചു. ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടെ പ്രതിപക്ഷം സമരവീര്യം കൂട്ടി.

ബിനീഷ് കോടിയേരി

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിൽ ഇ.ഡി അറസ്റ്റ് ചെയ്തതും വഴിത്തിരിവായി. കോടിയേരിയുടെ മക്കൾ എന്നും വിവാദങ്ങളുടെ കളിത്തോഴന്മാർ. ബിനീഷിന്റെ വ്യക്തിപരമായ പ്രശ്നമായി അവഗണിക്കുകയാണ് സി.പി.എം. പാർട്ടി സെക്രട്ടറിയുടെ മകൻ ഗുരുതരമായ കേസിൽ പെട്ടതിനെ ആയുധമാക്കുകയാണ് പ്രതിപക്ഷം. ലഹരിക്കടത്തിൽ പ്രതിയായ അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്ന ഇ.ഡിയുടെ വെളിപ്പെടുത്തൽ, സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി. പാർട്ടി കേന്ദ്രകമ്മിറ്റിയും സി.പി.ഐ നേതൃത്വവും പിന്തുണച്ചതാണ് ഏക ആശ്വാസം.

മുന്നാക്ക സംവരണം

മുന്നാക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നൽകിയത് സംവരണരാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ചു. പിന്നാക്കക്കാരുടെ സംവരണാനുകൂല്യത്തിൽ ഒരു കുറവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുമ്പോഴും അവരുടെ ആനുകൂല്യങ്ങൾ കുറയുമെന്ന ആശങ്ക ശക്തമാണ്. മുന്നാക്ക സംവരണം നടപ്പാക്കുന്നതിലെ തട്ടിപ്പ് കേരളകൗമുദി പുറത്തു കൊണ്ടുവരികയും ചെയ്‌തു.

മുസ്ലിംലീഗിന്റെ സാമ്പത്തിക സംവരണത്തെ എതിർക്കുന്നു. അത് കാരണം സാമ്പത്തിക സംവരണത്തെ തള്ളാനും കൊള്ളാനും വയ്യെന്ന നിലയിലാണ് യു. ഡി. എഫ്. തങ്ങളെ തുണയ്ക്കുന്ന മുന്നാക്ക, ക്രൈസ്തവ വിഭാഗങ്ങൾ വിട്ടുപോകുമോയെന്നും ആശങ്കയുണ്ട്. സീറോ മലബാർസഭയും ഓർത്തഡോക്സ്, യാക്കോബായ നേതൃത്വങ്ങളും സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്തതാണ് ഇതിന് അടിസ്ഥാനം.

കേരള കോൺഗ്രസ്- ജോസ് കെ.മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനവും സാമ്പത്തിക സംവരണത്തീരുമാനവും ക്രൈസ്തവമേഖലയിലേക്ക് ഇടതുമുന്നണിക്ക് വഴിയൊരുക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എൻ.എസ്.എസ് സാമ്പത്തികസംവരണത്തെ പൂർണമായി സ്വാഗതം ചെയ്തിട്ടില്ല.

ലീഗ് നേതാക്കൾക്കും കുരുക്ക്

മുസ്ലിംലീഗ് എം.എൽ.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞും കെ.എം. ഷാജിയും എം.സി. കമറുദ്ദീനും ആരോപണനിഴലിലാണ്. പാലാരിവട്ടം പാലം അഴിമതിയിൽ ഇബ്രാഹിംകുഞ്ഞിനെ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി ചോദ്യം ചെയ്തു. സ്‌കൂളിന് പ്ലസ്ടു അനുവദിക്കാൻ 25ലക്ഷം കോഴ വാങ്ങിയെന്ന ആരോപണത്തിൽ കെ.എം. ഷാജിയും ഇ.ഡിയുടെ നോട്ടപ്പുള്ളിയാണ്. മുസ്ലിംലീഗ് ജനറൽസെക്രട്ടറി കെ.പി.എ. മജീദുൾപ്പെടെ ചോദ്യം ചെയ്യലിന് വിധേയരായി. ജ്വല്ലറി തട്ടിപ്പിൽ 25ഓളം കേസുകളിൽ മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീൻ അറസ്റ്റിന്റെ നിഴലിലാണ്.

ബി.ജെ.പിയിൽ ഉൾപ്പാർട്ടി കലഹം

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബി.ജെ.പിയെ വലയ്ക്കുന്നത് ഉൾപാർട്ടി കലഹം. കേന്ദ്ര ഏജൻസികൾ ഇടത്, വലത് മുന്നണികളിലേക്ക് നീളുമ്പോൾ നേട്ടം കൊയ്യാൻ നിൽക്കുന്ന ബി.ജെ.പി നേതൃത്വത്തിന് തലവേദനയായത് മുൻ സംസ്ഥാന ജനറൽസെക്രട്ടറിയും ഇപ്പോൾ വൈസ് പ്രസിഡന്റുമായ ശോഭ സുരേന്ദ്രൻ. കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആശീർവാദത്തോടെ കാര്യങ്ങൾ നീക്കുന്ന ഔദ്യോഗിക നേതൃത്വത്തിനെതിരെ ശീതയുദ്ധത്തിലാണ് പി.കെ. കൃഷ്ണദാസിന്റെ മറുചേരി. ഇരുചേരികളിലുമില്ലാത്ത ശോഭ സുരേന്ദ്രന്റെ തുറന്നടിച്ച പ്രതികരണങ്ങൾ കൃഷ്ണദാസ് പക്ഷം ഉറ്രുനോക്കുന്നു. പ്രാദേശിക വിമതസ്വരങ്ങളും ബി.ജെ.പിക്ക് തലവേദനയാണ്.