salimkumar

 കേരളപ്പിറവി ദിനത്തിൽ നടന്റെ മനോരഥം

തിരുവനന്തപുരം: 'കേരളപ്പിറവി ദിനമായ ഇന്നു മുതൽ ഞാൻ മുഖ്യമന്ത്രിയാണെടീ. നാടിനെയൊന്നു നന്നാക്കിയെടുക്കണം..." കൊച്ചുവെളുപ്പാംകാലത്ത് ലാഫിംഗ് വില്ലയിലിരുന്ന് നടൻ സലിംകുമാർ ഭാര്യ സുനിതയോടു തട്ടിവിട്ടു!.

'ഇന്നലെ മുഴുവൻ സിനിമ കണ്ടിട്ട് കിടന്നതിന്റെ കുഴപ്പമാ..' ഭർത്താവിനെ കളിയാക്കി സുനിത അടുക്കളയിലേക്ക് നടന്നു.

അച്ഛൻ ശരിക്കും മുഖ്യമന്ത്രിയാകുമോ?​ ഇളയമകൻ ആരോമലിന് സംശയം. ചായക്കപ്പുമായി തിരിച്ചെത്തവേ സുനിത ചോദിച്ചു, 'എന്നിട്ടെന്നിട്ട്... ഭരണം എങ്ങനെയുണ്ട്?​'

ചായ ഊതിക്കുടിച്ചുകൊണ്ട് സലിംകുമാർ ഭരണ വിശേഷം പറഞ്ഞുതുടങ്ങി.

''ഞാനൊരു പണ്ഡിത സദസിനെയുണ്ടാക്കി. ഒാരോ വകുപ്പിലും അവഗാഹമുള്ളവർ മാത്രമുള്ള മന്ത്രിസഭ.

കാർഷിക അഭിവൃദ്ധിക്കാണ് പ്രധാന ഊന്നൽ. കാർഷിക സബ്സിഡി നിറുത്തലാക്കും. സബ്സിഡി വാങ്ങാൻ വേണ്ടി മാത്രം കൃഷി ചെയ്യുന്ന പരിപാടി വേണ്ട. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാവും സഹായം. കൂടുതൽ കൃഷിക്ക് കൂടുതൽ സഹായം.

ഇടനിലക്കാരെ ഒഴിവാക്കും. ഇവരാണ് കർഷകർക്കുള്ള പണം കൊള്ളയടിക്കുന്നത്. കർഷകർക്ക് വൈദ്യുതിയും വെള്ളവും ഫ്രീ.

സ്കൂളിൽ ഒരു പിരീഡിൽ കൃഷി നിർബന്ധമാക്കും.

സ്ത്രീ സംവരണം വെറുതേ

സ്ത്രീ സംവരണവും ഒഴിവാക്കും. ഇത്രയും കാലമായിട്ടും സ്ത്രീസംവരണം ലക്ഷ്യം നേടിയില്ല. ഇപ്പോഴും ഇന്നയാളുടെ ഭാര്യയ്ക്ക് വോട്ട് ചെയ്യണമെന്നാണ് എഴുതിവയ്ക്കുന്നത്. ഇന്ദിരാഗാന്ധി,​ ഗൗരിഅമ്മ, ജയലളിത എന്നിവരൊക്കെ ശോഭിച്ചത് സംവരണത്തിന്റെ ബലത്തിലല്ലല്ലോ.

പുരുഷ കമ്മിഷൻ

വനിതാ കമ്മിഷനെ പോലെ പുരുഷകമ്മിഷനും കൊണ്ടുവരും. പുരുഷനും ഒരു മനുഷ്യ ജീവനാണെന്ന പരിഗണന കിട്ടണം. അവരുടെ വേവലാതികൾക്ക് പരിഹാരം കാണണം.

മന്ത്രിമാർ മോശമായാൽ

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മിനിമം യോഗ്യത ബിരുദമാക്കും. മന്ത്രിമാർക്ക് അതത് വകുപ്പിൽ അവഗാഹം ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഐ.എ.എസുകാർ കയറി നിരങ്ങും!

ജയ് ജവാൻ

സൈന്യത്തിലുള്ളവർക്ക് പ്രത്യേക പാക്കേജ്. അവരുടെ മക്കൾക്ക് വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാം സൗജന്യം.

എം.എൽ.എ പെൻഷൻ വേണ്ട

എം.എൽ.എ പെൻഷൻ നിറുത്തലാക്കും. അവരുടേതൊരു ജോലിയല്ല. എം.പിമാരുടെ പെൻഷൻ നിറുത്തലാക്കാൻ പ്രമേയം പാസാക്കി കേന്ദ്രത്തിനയയ്ക്കും

വിവാഹം ലളിതം

കൊവിഡ് കാലം കഴിഞ്ഞാലും വിവാഹത്തിന് 50 പേരിൽ കൂടാൻ പാടില്ലെന്ന മാനദണ്ഡം തുടരും.

സുന്ദരം മലയാളം

എവിടേയും മലയാളം നിർബന്ധമാക്കും. കൊല്ലവർഷ കലണ്ടർ ഔദ്യോഗിക കലണ്ടറാക്കും.

പ്രവാസി പെൻഷൻ

ഖജനാവ് നിറയ്ക്കുന്ന പ്രവാസികൾക്കും ലോട്ടറി വില്പനക്കാർക്കും പെൻഷൻ.

കുടിയന്മാരേ സലാം

കുടിയന്മാരുടെ ചികിത്സയ്ക്ക് പ്രത്യേക ഫണ്ട്. അത് രക്തസാക്ഷി ഫണ്ടെന്നറിയപ്പെടും. അവർ സംസ്ഥാനത്തിനു വേണ്ടി രക്തസാക്ഷികളാവുകയല്ലേ?.

എങ്ങനെയുണ്ട്?...സലിംകുമാർ പറഞ്ഞു നിറുത്തിയതും ഭാര്യയുടെ കമന്റ്, 'എന്തുനല്ല നടക്കാത്ത പരിഷ്കാരങ്ങൾ'.