
തിരുവനന്തപുരം : ഇ-സഞ്ജീവനി ടെലിമെഡിസിൻ സംവിധാനം വഴി രോഗികൾക്ക് ലഭിക്കുന്ന കുറിപ്പടിയിലെ മരുന്നുകൾ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ സൗജന്യമായി ലഭിക്കും. കൊവിഡ് കാലത്ത് ആളുകൾക്ക് ആശുപത്രി സേവനം വീട്ടിൽ ലഭ്യമാക്കാൻ ആരംഭിച്ച ഇ- സഞ്ജീവനി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇ-സഞ്ജീവനി കുറിപ്പടി പ്രകാരം ആശുപത്രിയിൽ ലഭ്യമായ ലാബ് പരിശോധനകളും നടത്താം. കുറിപ്പടി ലഭിക്കുന്ന ദിവസം തന്നെ സേവനം വിനിയോഗിക്കണം. സംസ്ഥാനത്ത് നാനൂറിലധികം പേരാണ് ദിവസവും സേവനം തേടുന്നത്.
എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 മണി വരെയാണ് ജനറൽ മെഡിസിൻ ഒ.പി.യുള്ളത്. ശിശു, നവജാതശിശു വിഭാഗം ഒ.പി. തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും സൈക്യാട്രി വിഭാഗം ഒ.പി. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും സ്ഥിരമായി പ്രവർത്തിക്കുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയബെറ്റിക്‌സ് തിരുവനന്തപുരം, ഇംഹാൻസ് കോഴിക്കോട്, ആർസിസി തിരുവനന്തപുരം, കൊച്ചിൻ കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ തലശ്ശേരി തുടങ്ങിയ സ്ഥാപനങ്ങളുടെ ഒ.പി സേവനങ്ങൾ ഇ- സഞ്ജീവനി വഴി ലഭ്യമാണ്.
ഡോക്ടറെ കാണുന്നത് എങ്ങനെ
1.ആദ്യമായി https://esanjeevaniopd.in/ എന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലിൽ ഡൗൺലോഡ് ചെയ്‌തോ ഉപയോഗിക്കാം
2.ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്‌ടോപോ അല്ലെങ്കിൽ ടാബ് ഉണ്ടെങ്കിൽ esanjeevaniopd.in എന്ന സൈറ്റിൽ പ്രവേശിക്കാം
3.വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യണം
4. ഒ.ടി.പി നമ്പർ ഉപയോഗിച്ചു ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം
5. വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരത്തെപ്പറ്റി സംസാരിക്കാം
6.ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻതന്നെ ഡൗൺലോഡ് ചെയ്ത് മരുന്നു വാങ്ങാം