ss

തൃശൂർ: ഇരുപതോളം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ട പ്രതി നിയമലംഘനത്തിന് വീണ്ടും അറസ്റ്റിൽ. എരുമപ്പെട്ടി കരിയനൂർ വില്ലേജ് ഉമിക്കുന്ന് കോളനി പ്ലാവളപ്പിൽ കണ്ണൻ എന്ന സിനീഷ് കണ്ണനെയാണ് മെഡിക്കൽ കോളേജ്‌ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ: പി.പി. ജോയി അറസ്റ്റ് ചെയ്തത്.

വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് സമൂഹ വിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെട്ടുവരുന്നതിനാൽ ഇയാൾക്കെതിരെ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിൽ കാപ്പ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ മേഖല ഡി.ഐ.ജി: എസ്. സുരേന്ദ്രൻ 2020 ഫെബ്രുവരി 24 മുതൽ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് ഇയാൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

എന്നാൽ കാപ്പാ നിയമപ്രകാരമുള്ള ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയും മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മണിത്തറയിൽ സിജോ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെടുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എ.എസ്.ഐമാരായ രാജൻ, സന്തോഷ്, സി.പി.ഒമാരായ ഷിനിൽകുമാർ, രാകേഷ് എന്നിവരുമുണ്ടായിരുന്നു.