keralam-

തിരുവനന്തപുരം: വിമർശനങ്ങൾക്ക് നടുവിൽ അംഗീകാരത്തിൻെറ തിളക്കമെത്തിയത് പിണറായി സർക്കാരിന് പൊൻതൂവലായി. രാജ്യത്തെ മികച്ച ഭരണ സംസ്ഥാനം എന്ന ബഹുമതിയാണ് പബ്ളിക് അഫയേഴ്സ് ഇൻഡക്സ് സമർപ്പിച്ചിരിക്കുന്നത്. തുടർച്ചയായി നാലാം തവണ അംഗീകാരം നേടുന്ന സർക്കാർ എന്ന പ്രത്യേകതയുമുണ്ട്. പിണറായി സർക്കാർ പിന്നിട്ട നാല് വർഷങ്ങളിലും മറ്റൊരു സംസ്ഥാനത്തിനും കടത്തി വെട്ടി മുന്നേറാനായില്ല. അത് ഭരണത്തിളക്കമായി മാറുകയാണ്. സർക്കാരിനെതിരെ സമരങ്ങളും ആരോപണങ്ങളും പൊതിഞ്ഞു നിൽക്കുമ്പോൾ ഭരണത്തിന് അതൊന്നും തടസമല്ലെന്ന് തെളിയിക്കുന്നതായി പുതിയ അംഗീകാരം. സമയബന്ധിതമായി വികസനപ്രവർത്തനങ്ങൾ നടത്തുന്നതിലും ഭരണചക്രം തിരിക്കുന്നതിലും പിണറായി സർക്കാർ ഒരു ചുവടും പിന്നോട്ട് വച്ചില്ല എന്നതാണ് തുടർച്ചയായുള്ള അംഗീകാരം തെളിയിക്കുന്നത്. 1.388 പോയിൻറ് നേടിയാണ് കേരളം ഒന്നാമതെത്തിയത്. വലിയ സംസ്ഥാനങ്ങളെയെല്ലാം പിന്നിലാക്കിക്കൊണ്ടാണ് ഈ മുന്നേറ്റമെന്നത് ശ്രദ്ധേയം.

ജനപിന്തുണയുടെ അംഗീകാരം: മുഖ്യമന്ത്രി

കേരളം ഒരിക്കൽകൂടി ഭരണമികവിനുള്ള അംഗീകാരത്തിൻെറ നിറവിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പബ്ളിക് അഫയേഴ്സ് ഇൻഡക്സിൽ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തിരഞ്ഞെടുത്തു. തുടർച്ചയായി നാലാംവട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.

ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കി ഭരണ മികവ് കണക്കാക്കി നടത്തിയ റാങ്കിംഗിലാണ് കേരളം ഒന്നാമതെത്തിയത്. ഭരണ മികവ്, സർക്കാരിൻെറ കാര്യക്ഷമത തുടങ്ങിയ മാനദണ്ഡങ്ങളിൽ നമുന്ന് മുന്നേറാനായി.

ഈ നേട്ടം കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. സർക്കാരിൻെറ വികസന പദ്ധതികൾക്ക് ജനങ്ങൾ നൽകിയ പിന്തുണയാണ് കേരളത്തെ ദേശീയതലത്തിൽ ഒന്നാം സ്ഥാനത്തെത്ത് തുടരാൻ സഹായിച്ചത്.

ജനങ്ങൾക്കൊപ്പം നിന്ന് ജനങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉൗർജ്ജമേകുന്നതാണ് ഈ നേട്ടം.