
മാള: കെ.പി.എം.എഫ് ജില്ലാ സെക്രട്ടറി ഷീജ രാജുവിന്റെ വീട്ടിലെ വാഹനം സമൂഹ വിരുദ്ധർ തകർത്തു. മാള മഠത്തുംപടി പീഠക്കേരി വീട്ടിലാണ് നിറുത്തിയിട്ടിരുന്ന ടെമ്പോ കഴിഞ്ഞ രാത്രി തകർത്തത്. രാത്രി 10.30 ഓടെ 15 ഓളം പേരടങ്ങുന്ന സംഘമാണ് അതിക്രമിച്ച് കയറി വാഹനം അടിച്ചുതകർത്തത്. ശബ്ദം കേട്ട് ഷീജയും ഭർത്താവ് രാജുവും പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും സംഘത്തിന്റെ കൈവശം മാരകായുധങ്ങൾ കണ്ടതിനാൽ വീണ്ടും വീടിനകത്തേക്ക് കയറി വാതിലടച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു.
സംഘത്തിലെ ചിലരെ തിരിച്ചറിഞ്ഞതായും ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ഷീജ പറഞ്ഞു. കഴിഞ്ഞ വർഷം ജൂലായ് 25ന് സമാനമായ രീതിയിൽ ആക്രമണം ഉണ്ടായിട്ടുണ്ട്. അന്ന് വാഹനത്തിന് തീയിടാനാണ് ശ്രമിച്ചത്. എന്നാൽ അന്നത്തെ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിരുന്നില്ല. പന്തൽ പണികൾ ഏറ്റെടുത്ത് ചെയ്യുന്ന രാജു, തന്റെ സാമഗ്രികൾ കൊണ്ടുപോകുന്ന വാഹനമാണ് അക്രമികൾ തകർത്തത്.
സംഭവം അറിഞ്ഞ് മാള എസ്.ഐ: ലാലുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഷീജയുടെയും രാജുവിന്റെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തി. ലഹരി മാഹിയാ സംഘത്തിൽപെട്ടവരാണ് അക്രമത്തിന് പിന്നിലെന്ന് കെ.പി.എം.എസ് വ്യക്തമാക്കി. കഴിഞ്ഞ വർഷവും സമാനരീതിയിൽ സംഭവം ഉണ്ടായിട്ടും ശക്തമായ നടപടി ഇല്ലാതിരുന്നതാണ് ആവർത്തിക്കാൻ ഇടയാക്കിയതെന്ന് കെ.പി.എം.എസ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. പി.വി. വിജയൻ അദ്ധ്യക്ഷനായി. ടി.എസ്. റെജികുമാർ, ശാന്ത ഗോപാലൻ, പി.എ. അജയഘോഷ്, ഇ.ജെ. തങ്കപ്പൻ, പി.എൻ. സുരൻ, വി.എസ്. ആശ്‌ദോഷ്, പി.എ. രവി, കെ.സി. സുധീർ എന്നിവർ സംസാരിച്ചു.