
തിരുവനന്തപുരം: സംസ്ഥാനത്തെ ബീച്ചുകൾ, പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവ വിനോദസഞ്ചാരികൾക്ക് ഇന്നു മുതൽ തുറന്ന് നൽകും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടാകും പ്രവേശനം.
ടൂറിസം മേഖലയെ സംരക്ഷിക്കാനായി ഒക്ടോബർ പത്തു മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നിരുന്നു. പുരവഞ്ചികൾ, വ്യക്തിഗത ബോട്ടിംഗ്, സാഹസിക ടൂറിസം എന്നിവയ്ക്കാണ് അന്ന് അനുമതി നൽകിയത്. തുടർന്ന് മലയോര ടൂറിസം കേന്ദ്രങ്ങളും തുറന്നു.
പ്രകൃതിഭംഗി, നല്ല വെള്ളം, വൃത്തി എന്നിവ കൊണ്ടാണ് കേരളത്തിലെ കടൽത്തീരങ്ങൾ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
മാനദണ്ഡങ്ങൾ കർശനം
ബീച്ചുകളിൽ താപനില പരിശോധിക്കും. സാനിറ്റൈസർ ഉറപ്പു വരുത്തും
കൈവരികൾ, ഇരിപ്പിടങ്ങൾ എന്നിവ നിശ്ചിത ഇടവേളകളിൽ അണുവിമുക്തമാക്കും
കച്ചവട സ്ഥാപനങ്ങൾ രണ്ട് മീറ്റർ അകലം പാലിക്കണം
മ്യൂസിയം, പാർക്ക് എന്നിവിടങ്ങളിൽ ഓൺലൈൻ, എസ്.എം.എസ് ടിക്കറ്റ് സംവിധാനം
വാഹനങ്ങൾക്ക് പരമാവധി പാർക്കിംഗ് ഒരു മണിക്കൂർ
സന്ദർശകരുടെ പേര്, മേൽവിലാസം രേഖപ്പെടുത്തുന്നതിന് രജിസ്റ്റർ
വിദേശികൾ ചെയ്യണ്ടത്
ഏഴ് ദിവസത്തിൽ താഴെയാണ് സന്ദർശനമെങ്കിൽ ക്വാറൻറൈൻ നിർബന്ധമല്ല. എന്നാൽ കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഏഴ് ദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് തങ്ങാനാഗ്രഹിക്കുന്നവർ ഏഴാം ദിവസം അംഗീകൃത ലാബിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം.
കഴിഞ്ഞ മാസം തുറന്ന ടൂറിസം കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതികരണം ആശാവഹമാണ്
-റാണി ജോർജ്,
ടൂറിസം സെക്രട്ടറി