കോവളം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആവേശം പ്രകടമാക്കി സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് മുന്നണികളിൽ ചർച്ച സജീവം. പല സ്ഥലങ്ങളിലെയും സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായെങ്കിലും തലപൊക്കുന്ന വിമതന്മാരും ഘടകക്ഷികളുടെ സീറ്റുകൾ സംബന്ധിച്ച് ധാരണയാകാത്തതും പ്രധാന കക്ഷികൾക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. കോട്ടുകാൽ, വെങ്ങാനൂർ എന്നീ പഞ്ചായത്തുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള അവസാന ഓട്ടത്തിലാണ് മുന്നണികൾ. പല നേതാക്കളും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് രഹസ്യ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
താഴേത്തട്ടിലടക്കം സ്ഥാനാർത്ഥിത്വത്തിന് അവകാശവാദം ഉന്നയിച്ച് നിരവധിപേർ രംഗത്തെത്തിയതോടെ മുന്നണികൾ പ്രതിരോധത്തിലാണ്. രണ്ട് പഞ്ചായത്തുകളിലും റിബൽ സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇവർ സമാഹരിക്കുന്ന വോട്ടുകൾ ജയപരാജയങ്ങളെ നിർണയിക്കുമെന്നതിനാൽ അനുനയ ചർച്ചകളും തുടരുന്നുണ്ട്. നിലവിൽ കോട്ടുകാൽ പഞ്ചായത്തിൽ ഭരണം കയ്യാളുന്നത് കോൺഗ്രസാണ്. ഭരണം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും അട്ടിമറിക്ക് ബി.ജെ.പി ശ്രമിക്കുമ്പോൾ ശക്തമായി മത്സരത്തിനാകും പഞ്ചായത്ത് സാക്ഷ്യം വഹിക്കുക. വെങ്ങാനൂർ പഞ്ചായത്തിലെ ഭരണം ബി.ജെ.പിക്കാണ്. ഇവിടയും മത്സരം തീപാറുമെന്നുറപ്പ്.
കോട്ടുകാൽ പഞ്ചായത്ത്
ആർ.എസ്.പിക്ക് പുളിങ്കുടി വാർഡ് നൽകാനാണ് യു.ഡി.എഫിന്റെ തീരുമാനം. പുലിവിള, പയറ്റുവിള, ചപ്പാത്ത് വാർഡുകളിലും സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുകയാണ്. എൽ.ഡി.എഫിലാകട്ടെ ജനതാദളിന് (എസ്) പുലിവിള, പുലിയൂർക്കോണം, മണ്ണക്കല്ല്, ചൊവ്വര വാർഡുകളും സി.പി.ഐക്ക് പുന്നക്കുളം, ചപ്പാത്ത് വാർഡുകളും നൽകാനാണ് സാദ്ധ്യത. പുളിങ്കുടി, പയറ്റുവിള വാർഡുകളിൽ സി.പി.എമ്മിന് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. അമ്പലത്തുമൂല, മണ്ണക്കല്ല്, ഓഫീസ് വാർഡ്, പുലിവിള, മന്നോട്ടുകോണം എന്നീ വാർഡുകളിലെ സ്ഥാനാർത്ഥി നിർണയം രണ്ട് ദിവസത്തിനകം പൂർത്തിയാക്കാനാണ് ബി.ജെ.പിയും ശ്രമിക്കുന്നത്.
വെങ്ങാനൂർ പഞ്ചായത്ത്
യു.ഡി.എഫിന് സിസിലിപുരം, മംഗലത്തുകോണം വാർഡുകൾ ഒഴികെ മറ്റെല്ലാ വാർഡുകളിലും സ്ഥാനാർത്ഥി നിർണയത്തിൽ തീരുമാനമായിട്ടുണ്ട്. ഘടകകക്ഷിയായ സി.എം.പി നിലവിലുള്ള ആഴാകുളത്തിന് പകരം ചാവടിനട വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ആർ.എസ്.പിയാകട്ടെ ഒരു സീറ്റെങ്കിലും വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു. എൽ.ഡി.എഫിൽ സി.പി.ഐക്ക് മുട്ടയ്ക്കാട്, കോവളം, വെങ്ങാനൂർ വാർഡുകൾ നൽകാൻ തീരുമാനമായിട്ടുണ്ട്. ചാവടിനട, ഓഫീസ് വാർഡ് എന്നിവ ജനതാദളിന് (എസ്) നൽകാനാണ് തീരുമാനം. പെരിങ്ങമ്മല, കടവിൽമൂല, അംബേദ്ക്കർ ഗ്രാമം എന്നീ വാർഡുകളിൽ തർക്കങ്ങൾ കാരണം സ്ഥാനാർത്ഥി നിർണയ ചർച്ച പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഭരണംനിലനിറുത്താൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് മാവുവിള, വെണ്ണിയൂർ, അംബേദ്കർ ഗ്രാമം, വെള്ളാർ, നെല്ലിവിള, ആഴാകുളം വാർഡുകളിലും സ്ഥാനാർത്ഥി നിർണയമാണ് വെല്ലുവിളിയാകുന്നത്.