
മലയിൻകീഴ്: മച്ചേൽ കുളങ്ങരക്കോണത്തെ ചട്ടമ്പിസ്വാമിയുടെ തറവാട് വീടായ പൊന്നിയത്ത് ഭവനം ജില്ലാ കളക്ടർ നവജ്യോത് ഖോസ സന്ദർശിച്ചു. ഇവിടെ ചട്ടമ്പിസ്വാമിക്ക് സ്‌മാരകം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടർ നടപടികളുടെ ഭാഗമായാണ് കളക്ടർ സ്ഥലം സന്ദർശിച്ചത്. വീട് സംരക്ഷിത സ്‌മാരകമാക്കണമെന്ന് ആവശ്യപ്പെട്ട് ഐ.ബി. സതീഷ് എം.എൽ.എ മുഖ്യമന്ത്രിക്കും മന്ത്രിമാരായ എ.കെ. ബാലൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കും നിവേദനം നൽകിയിരുന്നു. ചട്ടമ്പിസ്വാമിയുടെ പിതാവ് വസുദേവശർമ്മ മലയിൻകീഴ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലായിരുന്നു. അമ്മ നങ്കാദേവിയുടെ കുടുംബവീടായ മച്ചേൽ പൊന്നിയത്താണ് സ്വാമിയുടെ ബാല്യകാലം. പിന്നീടാണ് അദ്ദേഹം കുമാരപുരത്തേക്ക് പോയത്. തറവാട് നിലവിൽ ചട്ടമ്പിസ്വാമിയുടെ നാലാം തലമുറയിൽപ്പെട്ടവരുടെ കൈവശമാണ്. ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ്‌ബാബു, തഹസീൽദാർ അജയകുമാർ, വില്ലേജ് ഓഫീസർ ആൽബി എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.