cbi

തിരുവനന്തപുരം: യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പൻ സ്വപ്‌ന വഴി ശിവശങ്കർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് കോഴയായി കൈമാറിയ ഐ ഫോണുകൾ പിടിച്ചെടുത്ത് ലൈഫ് കോഴക്കേസ് അന്വേഷണത്തിൽ പിടിമുറുക്കാൻ സി.ബി.ഐ നീക്കം തുടങ്ങി. കൊച്ചിയിലെ ഹൈപ്പർമാർക്കറ്റിൽ നിന്ന് ആറ് ഐഫോണുകൾ വാങ്ങിയതിന്റെ ഒറിജിനൽ ഇൻവോയ്സ് പിടിച്ചെടുത്തു. അത് കോഴയിടപാടിനുള്ള തെളിവായി ഹൈക്കോടതിയിൽ സമർപ്പിച്ച് ലൈഫ് മിഷനിലെ അന്വേഷണത്തിനുള്ള താത്കാലിക സ്റ്റേ നീക്കണമെന്നാവശ്യപ്പെടുമെന്നാണറിയുന്നത്.

ഐ.എ.എസ് ഉദ്യോഗസ്ഥനടക്കം കോഴ നൽകിയെന്ന് തെളിയിക്കാനായാൽ കേസിൽ സി.ബി.ഐക്ക് തടയിടാൻ സർക്കാരിനാവില്ല. യൂണിടാക് ശിവശങ്കറിനു നൽകിയ ഐ-ഫോൺ കോഴയാണെന്ന് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

വടക്കാഞ്ചേരി പദ്ധതിയുടെ കരാർ ലഭിച്ച ശേഷമാണ് സന്തോഷ് ഈപ്പൻ 3.93 ലക്ഷം ചെലവിട്ട് ആറ് ഫോണുകൾ സ്വപ്നയ്ക്ക് വാങ്ങിനൽകിയത്. ഇതിൽ 99,900 രൂപ വിലയുള്ള ഐഫോൺ-11പ്രോ ആണ് ശിവശങ്കറിന് കിട്ടിയത്. ഫോൺ നൽകിയത് കോഴയാണെന്ന് വന്നതോടെ, അഴിമതിവിരുദ്ധ നിയമംകൂടി ചുമത്തി എഫ്.ഐ.ആർ ഭേദഗതി ചെയ്യാൻ സി.ബി.ഐ ഒരുങ്ങുകയാണ്.

1,13,900 രൂപയുടെ ഐ ഫോണുമുണ്ടായിരുന്നു. ഇത് സ്വപ്ന ആർക്കാണ് നൽകിയതെന്ന് കണ്ടെത്തണം. സ്വപ്ന ഉപയോഗിച്ചിരുന്ന മൂന്ന് ഐഫോണുകൾ എൻ.ഐ.എയും ഇ.ഡിയും പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്കയച്ചിരിക്കുകയാണ്.

2019 നവംബർ 29ന് വാങ്ങിയ ഫോണുകൾ ഡിസംബർ രണ്ടിനാണ് സ്വപ്നയ്ക്ക് കൈമാറിയത്. ഫോണുകൾ വാങ്ങിയതിന്റെ ഇൻവോയ്സ് ഹൈക്കോടതിയിൽ സന്തോഷ് ഈപ്പൻ ഹാജരാക്കിയിരുന്നെങ്കിലും അഞ്ചെണ്ണം സ്വപ്നയ്ക്ക് നൽകിയെന്നാണ് സത്യവാങ്മൂലത്തിലുണ്ടായിരുന്നത്. ആറാമത്തെ ഫോൺ സന്തോഷ് ഈപ്പൻ നേരിട്ടോ സ്വപ്ന വഴിയോ ശിവശങ്കറിന് കൈമാറിയെന്നാണ് സി.ബി.ഐ പറയുന്നത്. ശിവശങ്കർ ഐ-ഫോൺ സ്വീകരിച്ചതോടെ, നിർമ്മാണക്കമ്പനി നൽകിയ കോഴ ഉന്നത ഉദ്യോഗസ്ഥർക്കും ജനസേവകർക്കും വീതം വച്ചതിന് സി.ബി.ഐക്ക് തെളിവായി.

ലൈഫ് ധാരണാപത്രം റെഡ്ക്രസന്റാണ് തയ്യാറാക്കിയതെന്നും തദ്ദേശവകുപ്പ് സെക്രട്ടറി പോലും ഒപ്പിടുന്നതിന്റെ തലേന്നാണ് ധാരണാപത്രം കണ്ടതെന്നും നേരത്തേ കണ്ടെത്തിയിരുന്നു.