നാഗർകോവിൽ: സർക്കാർ ജോലി കിട്ടിയാൽ തന്റെ ജീവൻ ദൈവത്തിന് അർപ്പിക്കാമെന്ന വാക്ക് പാലിക്കാൻ യുവാവ് ആത്മഹത്യ ചെയ്തു.നാഗർകോവിൽ എള്ളുവിള സ്വദേശി ചെല്ലസ്വാമിയുടെ മകൻ നവീൻ (32) ആണ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.

നവീന് രണ്ടാഴ്ച മുൻപ് മുംബൈയിൽ ബാങ്ക് ഒഫ് ഇന്ത്യയുടെ ശാഖയിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി ലഭിച്ചിരുന്നു. ജോലിക്ക് പ്രവേശിച്ച ശേഷം നവീൻ കഴിഞ്ഞ ദിവസം വിമാനമാർഗം തിരുവനന്തപുരത്ത് എത്തി അവിടെ നിന്ന് നാഗർകോവിൽ വടശേരി പുതേരിയിൽ എത്തി ട്രെയിനിന് മുന്നിൽ ചാടുകയായിരുന്നു . നവീന്റെ ഷർട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ താൻ മൂന്ന് വർഷമായി സർക്കാർ ജോലി അന്വേഷിച്ച് അലയുകയായിരുവെന്നും ജോലി കിട്ടിയാൽ തന്റെ ജീവൻ കാണിക്കയായി അർപ്പിക്കാമെന്ന് ദൈവത്തിന് വാഗ്ദാനം നൽകിയിരുന്നതിനാൽ ദൈവത്തിന്റെ അടുത്തേക്ക് പോകുകയാണെന്നും എഴുതിയിട്ടുണ്ട് . ആശാരിപ്പള്ളം ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു .നാഗർകോവിൽ റെയിൽവേ പൊലീസ് കേസെടുത്തു .