f

തിരുവനന്തപുരം: തൈക്കാട് മോഡൽ എച്ച്.എസ്.എൽ.പി.എസിൽ ' മാതൃകം, ' എന്ന പേരിൽ ഫേസ്ബുക്ക് പേജും 'കളിവണ്ടി' എന്ന പേരിൽ യുട്യൂബ് ചാനലും ആരംഭിക്കുന്നു. കൊവിഡ് കാലത്ത് സ്‌കൂളിലെത്താൻ കഴിയാത്ത കുട്ടികൾക്കായി അവരുടെ സർഗവാസന പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് പദ്ധതി. 14ന് പ്രവർത്തനമാരംഭിക്കുന്ന പരിപാടിക്കായി സ്‌കൂളിൽ തന്നെ അത്യാധുനിക രീതിയിലുള്ള ഷൂട്ടിംഗ് ഫ്ലോർ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം പൂർവ വിദ്യാർത്ഥി കൂടിയായ സൂര്യ കൃഷ്ണമൂർത്തി ഇന്ന് നിർവഹിക്കും. സ്‌കൂൾ പ്രതിഭാ കേന്ദ്രത്തിന്റെയും ടാലന്റ് ലാബിന്റെയും ഉദ്ഘാടനം കവി മധുസൂദനൻ നായർ നിർവഹിക്കും. 6 ലക്ഷം രൂപയാണ് അത്യാധുനിക രീതിയിലുള്ള ഫ്ലോർ നിർമ്മിക്കാൻ ചെലവായത്. സ്‌കൂൾ ഹെഡ്മാസ്റ്റർ ഷാജി എം, കലാവേദി കൺവീനർ രതീഷ് ആർ.കെ, എസ്.ആർ.ജി കൺവീനറും സ്കൂൾ ആക്ടിവിറ്റി കോ- ഓർഡിനേറ്ററുമായ സുനിത. ജി.എസ് എന്നിവരാണ് വായ്പയെടുത്ത് സാമ്പത്തിക സഹായം നൽകിയത്. സ്‌കൂൾ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ മാസംതോറും 10,000 രൂപ ഇതിനായി മാറ്റിവയ്ക്കുന്നുണ്ട്.