lion

കാട്ടാക്കട: വയനാട് നിന്നും നെയ്യാറിലെ ലയൺസഫാരി പാർക്കിൽ എത്തിച്ച കടുവ കൂട് പൊട്ടിച്ചു പുറത്തുചാടി. രണ്ടുമാസത്തോളം വയനാട് ചീയമ്പം പ്രദേശത്ത് വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയ കടുവ ഇക്കഴിഞ്ഞ 25നാണ് വനപാലകരുടെ കെണിയിലായത്. തുടർന്നാണ് പെൺകടുവയെ ചികിത്സയ്ക്കായി നെയ്യാർഡാമിലെ ലയൺ സഫാരി പാർക്കിൽ എത്തിച്ചത്. ഇവിടെ എത്തിച്ച് മൂന്നാം ദിവസമായ ഇന്നലെ ഉച്ചയോടെ കടുവ കൂട് തകർത്ത് പുറത്തുചാടുകയായിരുന്നു.

ലയൺ സഫാരി പാർക്കിന് ചുറ്റും 20 അടിയിലേറെ ഉയരത്തിൽ ഫെൻസിംഗ് ഉള്ളതിനാൽ ജനവാസ കേന്ദ്രത്തിലേക്ക് കടുവ എത്തില്ലെന്നാണ് ഫോറസ്റ്റ് അധികൃതർ പറയുന്നത്. റിസർവോയർ, പാർക്ക് പരിസരം എന്നിവിടങ്ങളിൽ വനപാലകർ ഇന്നലെ ശക്തമായ നിരീക്ഷണം നടത്തി വൈകിട്ടോടെ കടുവയെ കണ്ടെത്തി. പാർക്കിന്റെ പിറകുവശത്തെ പ്രവേശനകവാടത്തിന് സമീപത്തെ പാറയ്ക്ക് അരികിലായാണ് കണ്ടെത്തിയത്. ഇവിടെ വച്ച് മയക്കുവെടി വച്ചശേഷം കൂട്ടിലാക്കാനുള്ള ശ്രമമാണ് ആദ്യം ആലോചിച്ചത്. ഇതിനിടെ കടുവ പാർക്കിന്റെ നടുവിലേക്ക് നീങ്ങി. കാട് ആയതിനാൽ മയക്ക് വെടി വയ്ക്കാൻ പ്രയാസമാണ്. കൂട്ടിന് സമീപം എത്തിയതിനാൽ ആടിനെ കെട്ടിയിട്ട് ആകർഷിച്ച് കൂട്ടിൽ കയറ്റാനും മയക്കുവെടിവയ്ക്കാനും ശ്രമം നടത്തി. അതിനിടെ കടുവ ഡാമിലേക്ക് ചാടിയതായും സംശയമുണ്ട്. രാത്രിയായതോടെ ഇന്നലത്തെ തെരച്ചിൽ അവസാനിപ്പിച്ചു . ഡാമിലേക്ക് ഇറങ്ങിയാൽ അവിടെ നിന്ന് കരയിലേക്ക് കയറാനുള്ള കണക്കിലെടുത്ത് ജനവാസ കേന്ദ്രങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.