
വർക്കല: ചെറുന്നിയൂർ കാറത്തലയിൽ വൃദ്ധയെ അയൽവാസികളായ ദമ്പതികൾ തലയ്‌ക്കടിച്ച് പരിക്കേല്പിച്ചു. കാറത്തല ചരുവിള പുത്തൻ വീട്ടിൽ ശകുന്തളയ്‌ക്കാണ് (75) പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് 3.30ഓടെ ശകുന്തള വീടിന്റെ മുറ്റം തൂത്ത് ചവറിന് തീയിടുന്നതിനിടെയാണ് സംഭവം. 15 വർഷം മുമ്പ് പഞ്ചായത്ത് നൽകിയ മൂന്ന് സെന്റ് ഭൂമിയിലാണ് മകൻ ശശികുമാറിനൊപ്പം ശകുന്തള താമസിക്കുന്നത്. അയൽവാസികളുമായി നേരത്തെ അതിർത്തിയെ സംബന്ധിച്ചുള്ള തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. പരിക്കേറ്റ ശകുന്തളയെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വർക്കല പൊലീസ് എത്തിയാണ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.