m-a-baby

തിരുവനന്തപുരം: ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർട്ടിക്ക് പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിന്റെ ഭവിഷ്യത്ത് നേരിടുക തന്നെ വേണമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചവർക്കും പാർട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റ ബന്ധുക്കൾക്കും ബാധകമാണെന്നും എന്നാൽ അതിന്റെ പേരിൽ സി.പി.എമ്മിനെ തകർത്തുകളയാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്നും ബേബി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സി.പി.എമ്മിന് എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ അത് ചർച്ച ചെയ്ത് തിരുത്തും. രാജ്യത്ത് പ്രതിപക്ഷ ഐക്യത്തിന് സി.പി.എം മുൻകൈയെടുക്കുന്ന സാഹചര്യത്തിലാണ് എൽ.ഡി.എഫ് സർക്കാരിനെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നത്.
ഇന്ത്യയെ കീഴടക്കാനുള്ള ആർ.എസ്.എസ് പദ്ധതിക്ക് ചൂട്ടു പിടിക്കുന്നതാവരുത് രാഷ്ട്രീയ നിലപാടുകൾ. ഇന്ത്യയിൽ രൂപപ്പെട്ടു വരുന്ന പ്രതിപക്ഷ ഐക്യത്തിന് സി.പി.എം അടക്കം ഇടതുപക്ഷം നൽകുന്ന പരമപ്രാധാന്യം ആർ.എസ്.എസിനെ അസ്വസ്ഥമാക്കുന്നു. ബീഹാറിൽ ആർ.ജെ.ഡിയെയും കോൺഗ്രസിനെയും സി.പി.ഐ (എം.എൽ) അടക്കം ഇടതുപക്ഷ കക്ഷികളെയും ഒരു മുന്നണിയാക്കുന്നതിൽ സി.പി.എമ്മിന്റെ പങ്ക് വലുതാണ്. വരുന്ന കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, അസാം, പോണ്ടിച്ചേരി തിരഞ്ഞെടുപ്പുകളിൽ ആർ.എസ്.എസ് രാഷ്ട്രീയ പദ്ധതിക്ക് അനുസരിച്ചുള്ള സർക്കാരുകളുണ്ടാകാതിരിക്കാൻ മുൻകൈയെടുക്കുന്നതും സി.പി.എമ്മാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസികളുടെ തുടർതാണ്ഡവം കേരളത്തിൽ നടത്തിക്കുന്നത്. ആർ.എസ്.എസിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി അന്വേഷണങ്ങളെ എങ്ങനെയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിക്കാനാകുമോ എന്നു മാത്രമാണ് നോക്കുന്നത് '- ബേബി പറഞ്ഞു.