pinarayi-vijayan

തിരുവനന്തപുരം: പട്ടിക വിഭാഗ സംവരണത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ലെന്നും സംവരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചിലർ പട്ടിക വിഭാഗക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പട്ടിക വിഭാഗം സംഘടനപ്രതിനിധികളുമായി നടത്തിയ ഓൺലൈൻ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ പട്ടിക വിഭാഗം ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ദളിത് ആദിവാസി മഹാസഖ്യം രക്ഷാധികാരി പി.രാമഭദ്രന്റെ അഭ്യർത്ഥനപ്രകാരം വിളിച്ച ചർച്ചയിൽ ഇരുപത് സംഘടനകൾ പങ്കെടുത്തു.
വാളയാർ, പന്തളം സംഭവങ്ങളിൽ പീഡനം അനുഭവിച്ച കുടുംബത്തോടൊപ്പമാണ് സർക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികൾ ആരായിരുന്നാലും അവർ യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ല. അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുമെന്നും കുടുംബത്തിനായി കഴിയുന്നത്ര സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂരഹിതർക്ക് കൃഷിഭൂമി നൽകുന്നതിന് പ്രത്യേക പദ്ധതി രൂപീകരിക്കും. പട്ടികജാതിപട്ടികവർഗ മാനേജ്‌മെന്റിൽ കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ. സോമപ്രസാദ് എം.പിയും പങ്കെടുത്തു.