
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ സുരക്ഷ ഇനി സംസ്ഥാന പൊലീസിന്റെ സായുധസേനാ വിഭാഗമായ സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് (എസ്.ഐ.എസ്.എഫ്). സെക്രട്ടേറിയറ്റ് ഗാർഡുകൾക്കാണ് നിലവിൽ സുരക്ഷാ ചുമതല. വിമാനത്താവളങ്ങൾക്ക് സുരക്ഷയൊരുക്കുന്ന സി.ഐ.എസ്.എഫിന്റെ മാതൃകയിലാണ് എസ്.ഐ.എസ്.എഫ് രൂപീകരിച്ചത്.
സെക്രട്ടേറിയറ്റിലെ 4 ഗേറ്റുകളിലും സായുധസേനയെ വിന്യസിക്കും. പ്രധാന ഓഫീസുകൾക്കു മുന്നിലും സായുധ സേനയുണ്ടാകും. കർശന സുരക്ഷാ പരിശോധന നടത്തി മാത്രമേ ആളുകളെ കടത്തിവിടൂ. ആധുനിക രീതിയിലുള്ള സുരക്ഷാ ഉപകരണങ്ങൾ കവാടങ്ങളിൽ സ്ഥാപിക്കാനും നടപടികൾ തുടങ്ങിയിട്ടുണ്ട്. സുരക്ഷ വർദ്ധിപ്പിക്കണമെന്ന ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ചീഫ്സെക്രട്ടറി ഉത്തരവിറക്കിയത്. പൊതുഭരണ പ്രിൻസിപ്പിൽ സെക്രട്ടറി അദ്ധ്യക്ഷനായി സെക്രട്ടേറിയറ്റ് സെക്യൂരിറ്റി കമ്മിറ്റി രൂപീകരിച്ചും ഉത്തരവിറങ്ങി.
എസ്.ഐ.എസ്.എഫ്
സംസ്ഥാന വ്യവസായ സുരക്ഷാ സേനയിൽ 345 തസ്തികകൾ അടുത്തിടെ സൃഷ്ടിച്ചതോടെ അംഗബലം ആയിരത്തോളമായി. കൊച്ചി മെട്രോ, റിസർവ് ബാങ്ക്, ഇൻഫോ പാർക്ക്, മലബാർ സിമന്റ്സ് തുടങ്ങിയ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും സേന സുരക്ഷ ഒരുക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം സേന 5 കോടിയിലധികം രൂപ ലാഭമുണ്ടാക്കിയിരുന്നു.