bineesh

ബംഗളൂരു: ലഹരിമരുന്ന് കേസിലെ കള്ളപ്പണ-ബിനാമി ഇടപാടിൽ എൻഫോഴ്മെന്റിന്റെ പിടിയിലായ ബിനീഷ് കോടിയേരിയുടെ മയക്കമരുന്ന് ബന്ധം കണ്ടെത്താൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) നീക്കം തുടങ്ങുകയും സ്വർണക്കടത്തു ബന്ധം അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പിറകേ വരുമെന്ന് ഉറപ്പാവുകയും ചെയ്തതോടെ കുരുക്ക് കൂടുതൽ മുറുകി.

മൂന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ ഇന്നലെ ഇ.ഡി ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു. ബിനീഷിനെ പ്രതിയാക്കുന്നതിന്റെ ഭാഗമായാണിത്. ഇ.ഡി കസ്റ്റഡി തീരുന്ന മുറയ്ക്ക് ബിനീഷിനെ എൻ.സി.ബി കസ്റ്റഡിയിൽ വാങ്ങും.

അതേസമയം, മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് സ്വർണക്കടത്തുമായുള്ള ബന്ധമാണ് എൻ.ഐ.എ അന്വേഷിക്കുക. ബിനീഷിന്റെ ബിനാമിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയ മുഹമ്മദ് അനൂപിന് സ്വർണക്കടത്ത് പ്രതി കെ.ടി.റമീസുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കന്നഡ സിനിമാതാരങ്ങൾ ഉൾപ്പെട്ട ലഹരിമരുന്ന് കേസന്വേഷണത്തിനിടെ, ലഹരിമരുന്ന് സംഘങ്ങളുടെ പണം രാജ്യവിരുദ്ധ പ്രവ‌ർത്തനങ്ങൾക്ക് ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ഈ കേസ് അന്വേഷിക്കുന്ന കർണാടക ആഭ്യന്തര സുരക്ഷാവിഭാഗം എൻ.ഐ.എ അന്വേഷണത്തിന് ശുപാർശ ചെയ്യും.

ചോദ്യങ്ങൾക്ക് മൗനം ഉത്തരം

തുടർച്ചയായി ചോദ്യം ചെയ്തിട്ടും അനൂപുമായുള്ള പണമിടപാട്- ബിനാമി ബന്ധം ബിനീഷ് സമ്മതിക്കുന്നില്ലെന്ന് ഇ.ഡി പറയുന്നു. അനൂപുമായി സൗഹൃദം മാത്രമെന്നാണ് ആവർത്തിക്കുന്നത്. അനൂപുമായി മൂന്നരക്കോടിയുടെ ഇടപാടുകൾ ബിനീഷ് നടത്തിയെന്ന് ഇ.ഡി പറയുന്നു. ഇതിൽ 50 ലക്ഷം രൂപയുടെ ഉറവിടം ബിനീഷ് വെളിപ്പെടുത്തി. ബാക്കി തുകയെക്കുറിച്ച് മിണ്ടുന്നില്ല. മിക്ക ചോദ്യങ്ങൾക്കും മൗനമായിരുന്നു മറുപടി.

വെള്ളിയാഴ്ച 11മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെ പത്തരയ്ക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി വൈകിയും നീണ്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനകം ബിനീഷിനെ കോടതിയിൽ ഹാജരാക്കും. ബിനീഷിന്റെ സ്വത്ത് കണ്ടുകെട്ടാനും ഇ.ഡി ആലോചിക്കുന്നുണ്ട്.


പണമൊഴുകിയ വഴി

 ബാങ്ക് ട്രാൻസ്‌ഫറിലൂടെയും നേരിട്ട് അക്കൗണ്ടിലും അനൂപിന് വൻതുകകൾ ബിനീഷ് നൽകിയെന്ന് ഇ.ഡി

 കേരളത്തിലെ ബിനീഷിന്റെ അക്കൗണ്ടുകളിലേക്ക് വൻതുകകൾ നിക്ഷേപിച്ചിട്ടുണ്ട്. ഇത് അനൂപിന് കൈമാറി

 അനൂപിന്റെ അക്കൗണ്ടുകൾ വഴി ബിനീഷ് കള്ളപ്പണം വെളുപ്പിച്ചു. ലഹരി ഇടപാടിന് പണം വന്ന അക്കൗണ്ടുകളും അറിയാം

യെച്ചൂരി

ബിനീഷ് കോടിയേരി മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്‌റ്റിലായ സംഭവത്തിൽ പാർട്ടിക്ക് ഉത്തരവാദിത്വമില്ല

സീതാറാം യെച്ചൂരി,

സി.പി.എം ജനറൽ സെക്രട്ടറി

എസ്. ആർ. പി കമന്റ്

ബിനീഷ് കോടിയേരി തെറ്റ് ചെയ്തെങ്കിൽ ഉത്തരം പറയേണ്ടത് അയാളാണ്. കുറ്റംചെയ്ത ആരെയും സി.പി.എം സംരക്ഷിക്കില്ല.

എസ്. രാമചന്ദ്രൻ പിള്ള,

പോളിറ്റ്ബ്യൂറോ അംഗം

എം.എ. ബേബി കമന്റ്

ഉദ്യോഗസ്ഥരോ പാർട്ടിക്ക് പുറത്തുള്ളവരോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിന്റെ ഭവിഷ്യത്ത് നേരിടുക തന്നെ വേണം. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചവർക്കും പാർട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റ ബന്ധുക്കൾക്കും ബാധകം.

എം.എ. ബേബി.

സി.പി.എം പോളിറ്റ്ബ്യൂറോ അംഗം

മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളെ

ചിരിച്ചു തള്ളി ബിനീഷ്

പേജ്-