oommen

തിരുവനന്തപുരം: ആർഭാടങ്ങളില്ലാത്ത ജനനായകനും പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞുമായ ഉമ്മൻചാണ്ടി ഇന്നലെ 77-ാം പിറന്നാൾ ആഘോഷിച്ചു. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലായിരുന്നു ലളിതമായ ആഘോഷം നടന്നത്.

ഇന്നലെ രാവിലെ ആറരയ്ക്ക് കുഞ്ഞൂഞ്ഞ് കുടുംബാംഗങ്ങളുമായി ഉള്ളൂരിലെ ഓർത്തഡോക്സ് പള്ളിയിലെത്തി പ്രാർത്ഥിച്ചു. തുടർന്ന് പള്ളിയോടു ചേർന്ന ചാരിറ്റി സെന്ററിലെ അന്തേവാസികൾക്കൊപ്പം അൽപ്പനേരം ചെലവഴിച്ചു. ഗവർണർ ആരിഫ്

മുഹമ്മദ് ഖാൻ ഫോണിലൂടെ ആശംസ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, നടൻ മോഹൻലാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഫേസ്ബുക്കിലൂടെ ഉമ്മൻചാണ്ടിക്ക് ആശംസ നേർന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ വീട്ടിലെത്തി ആശംസ അറിയിച്ചു.

ഗോപിനാഥ് മുതുകാടിന്റെ ക്ഷണം സ്വീകരിച്ച് വൈകിട്ട് 4 മണിക്ക് മാജിക് പ്ലാനറ്റ് തുറക്കുന്നതിന് മുന്നോടിയായി അവിടെയെത്തി ഭിന്നശേഷി കുട്ടികളോടൊപ്പം സമയം ചെലവഴിച്ചു. രാത്രിയിൽ ഓൺലൈനിൽ സുഹൃത്തുക്കളും രാഷ്ട്രീയക്കാരും ബന്ധുക്കളും ആശംസകൾ അറിയിച്ചു. 1943 ഒക്ടോബർ 31നാണ് ഉമ്മൻചാണ്ടി ജനിച്ചത്.