cliff

അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: മുഖ്യമന്ത്റിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഗേ​റ്റിനു മുന്നിൽ സമരക്കാർ എത്തിയതിനു ഏഴു പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി. മ്യൂസിയം പൊലീസ് സ്‌​റ്റേഷനിലെ സി.ഐയെയും എസ്‌.ഐയെയും സ്ഥലംമാ​റ്റി. ക്ലിഫ് ഹൗസിനു മുന്നിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. മുഖ്യമന്ത്റിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ അറസ്​റ്റിനു പിന്നാലെ മുഖ്യമന്ത്റി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെള്ളിയാഴ്ച രാത്രി ഏഴോടെ ക്ലിഫ് ഹൗസിനു മുന്നിലെത്തിയിരുന്നു. പൊലീസുകാർ നോക്കിനിൽക്കെ ഒരുവിഭാഗം പ്രവർത്തകർ ക്ലിഫ് ഹൗസിന്റെ മുഖ്യ ഗേ​റ്റിന് അടുത്ത് വരെയെത്തി. ഗാർഡ് റൂമിലെ പൊലീസുകാരുമായി പ്രവർത്തകർ ഉന്തും തള്ളുമായി. തുടർന്ന് ദേവസ്വം ബോർഡ് ജംഗ്ഷനിൽ വിന്യസിച്ചിരുന്ന പൊലീസുകാരെത്തിയാണ് പ്രവർത്തകരെ അറസ്​റ്റ് ചെയ്ത് നീക്കിയത്.
സാധാരണ മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള സമരങ്ങൾ അര കിലോമീ​റ്ററോളം അകലെയുള്ള ദേവസ്വം ബോർഡ് ജംഗ്ഷനിൽ തടയുകയാണ് പതിവ്. ഇതിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നാണു പ്രാഥമിക വിലയിരുത്തൽ. ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്​റ്റിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്റിയുടെ ഔദ്യോഗിക വസതിയിലേക്കും സെക്രട്ടേറിയ​റ്റിലും സമരങ്ങളുണ്ടാകാനും പ്രതിഷേധക്കാർ തള്ളിക്കയറാനും സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അതിനനുസരിച്ചുള്ള സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ മ്യൂസിയം പൊലീസിനു വീഴ്ചയുണ്ടായെന്നാണു വിലയിരുത്തൽ.

വെള്ളിയാഴ്ച രാത്രി കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ ക്ലിഫ് ഹൗസിലെത്തി വീഴ്ചയുടെ കാരണം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും മുഖ്യമന്ത്റി കാണാൻ കൂട്ടാക്കിയില്ല. ഇന്നലെ രാവിലെ സി​റ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യയെയും ഡിസിപി ദിവ്യ ഗോപിനാഥും ക്ലിഫ് ഹൗസിലെത്തി കാര്യങ്ങൾ വിശദീകരിച്ചു. കടുത്ത അതൃപ്തി ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനു പിന്നാലെയാണ് സുരക്ഷാചുമതലുണ്ടായിരുന്ന മ്യൂസിയം സിഐ സന്തോഷ് കുമാർ, എസ്‌ഐ സുധീഷ്‌കുമാർ എന്നിവരെ കമ്മിഷണറുടെ കീഴിലുള്ള ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാ​റ്റിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന കൺട്രോൾ റൂം വെഹിക്കിൾ എ.എസ്‌.ഐമാരായ ജയശങ്കർ, പ്രദീപ്, എ.ആർ ക്യാമ്പിലെ അനു, രതീഷ്, വിനീത് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സമരങ്ങൾ തുടരുന്നതിനാൽ സെക്രട്ടേറിയ​റ്റിലും ക്ലിഫ് ഹൗസിലും ഗേ​റ്റുകളെല്ലാം അടച്ച് സുരക്ഷ വർദ്ധിപ്പിച്ചു. സെക്രട്ടേറിയ​റ്റിലും ക്ലിഫ് ഹൗസിലുമായി 250ലേറെ പൊലീസുകാരെ വിന്യസിച്ചു. സന്ദർശകർക്കായി തുറന്നിട്ടിരുന്ന കന്റോൺമെന്റ് ഗേ​റ്റും അടച്ചാണ് കാവലൊരുക്കുന്നത്. തിരുവനന്തപുരം സി​റ്റി പൊലീസിന്റെ സുരക്ഷാവീഴ്ച ആദ്യമല്ല. ജൂലായിലും സമരക്കാർ ക്ലിഫ് ഹൗസിനടുത്തെത്തിയിരുന്നു. കഴിഞ്ഞദിവസം ഉൾപ്പെടെ പലതവണ സെക്രട്ടേറിയ​റ്റിലേക്കു വനിതകൾ ഓടിക്കയറി. ഇതിൽ കടുത്ത അതൃപ്തിയിലാണ് മുഖ്യമന്ത്റി.