
ന്യൂഡൽഹി: കാർഷിക ബില്ലുകൾ, തൊഴിൽ നിയമങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ ദേശീയ തലത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. നവംബർ 26ന് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പൊതുപണിമുടക്കിനും 26-27 തീയതികളിൽ നടക്കുന്ന കർഷക സമരത്തിനും പിന്തുണ നൽകും. നവംബർ 26 മുതൽ രണ്ടുമാസം മനുഷ്യാവകാശ സംരക്ഷണം, ജനാധിപത്യ അവകാശ സംരക്ഷണം, കിരാത നിയമങ്ങൾ ചുമത്തിയുള്ള അറസ്റ്റ്, ദളിത്,സ്ത്രീപീഡനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങളെ നശിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ മതേതതര, ജനകീയ കൂട്ടായ്മകൾ രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും.
മലയാളികൾ പക്വതയുള്ളവർ
ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യം കേരളത്തിലെ ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ബുദ്ധിമുട്ടില്ലെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ അറിയിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ വളരെ പാകം വന്നവരാണ്. അവരുടെ ബുദ്ധിയും പാകതയും കുറച്ച് കാണരുത്. വിവാദങ്ങളാെന്നും അവർ മുഖവിലയ്ക്കെടുക്കാറില്ല. കേരളത്തിന് പുറത്ത് കോൺഗ്രസുമായി കൂട്ടുകൂടുന്നത് അവർ ഉൾക്കൊള്ളും.
ബദൽ സർക്കാരുകളെ തുണയ്ക്കാൻ 2004ൽ പാർട്ടി തീരുമാനിച്ചതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ 18 സീറ്റിലും എൽ.ഡി.എഫ് ജയിച്ചിരുന്നു. ഇപ്പോൾ ബി.ജെ.പിയുടെ നേതൃത്വത്തിൽ ഭരണഘടനയെ ചോദ്യം ചെയ്യുന്നതിലും മൗലികാവകാശങ്ങൾ ഇല്ലായ്മ ചെയ്യുന്നതിലുമുള്ള ആശങ്കയാണ് ജനങ്ങൾക്ക്.
കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്റെ നിലപാടിനെ കോൺഗ്രസ് സംസ്ഥാന നേൃത്വം എതിർത്ത് പ്രസ്താവന ഇറക്കിയത് തന്റെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യ അനുഭവമാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.