തിരുവനന്തപുരം : നഗരസഭാ സീറ്റുകളെ സംബന്ധിച്ച് മൂന്നു മുന്നണികളിലുമുള്ള സീറ്റ് ചർച്ചകൾ ഇന്നു മുതൽ അന്തിമഘട്ടത്തിലേക്ക്. ഏറക്കുറെ വാർഡുകളിൽ സ്ഥാർനാർത്ഥികളെ കളത്തിലിറക്കിയ സി.പി.എം തർക്കമുള്ള വാർഡുകളിൽ സ്ഥാനർത്ഥികളെ മാറ്റി നിശ്ചയിക്കാൻ ഒരുങ്ങുകയാണ്. ഘടകക്ഷികളുടെ സീറ്റ് വിഭജവും സി.പി.എമ്മിന് മുന്നിലുണ്ട്. അഞ്ചിന് എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. യു.ഡി.എഫിന്റെ അവസാനവട്ട സീറ്റു ചർച്ചകളും ഇന്ന് മുതൽ തുടങ്ങും. ഉച്ചയ്ക്ക് രണ്ടിന് സി.എം.പിയുമായാണ് ആദ്യചർച്ച. ഈമാസം ആറോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് യു.ഡി.എഫ് നീക്കം. ഇരുകൂട്ടരും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം സുരക്ഷിതമായി സ്ഥാനാർത്ഥികളെ കളത്തിലിറക്കാനാണ് ബി.ജെ.പി തീരുമാനം. ഭരണം വീണ്ടും ഉറപ്പിച്ച് രംഗത്തുള്ള എൽ.ഡി.എഫിലെ പ്രധാനമുന്നണിയായ സി.പി.ഐ ശക്തമായ പോരാട്ടത്തിലൂടെ പരമാവധി സീറ്റുകൾ ഉറപ്പിച്ച് നിർണായ ശക്തിയാകാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ തവണ 18 സീറ്റിൽ മത്സരിച്ച സി.പി.ഐ ഇത്തവണ 17സീറ്റിൽ മത്സരിക്കും. പുതിയ കക്ഷികൾ മുന്നണിയിലെത്തിയതിനാൽ നാലാഞ്ചിറ വിട്ടുനൽകി. കൈവശമുള്ള പൂജപ്പുര വിട്ടു നൽകാമെന്നും പകരം കാലടി വേണമെന്നും സി.പി.ഐ ആവശ്യപ്പെട്ടങ്കിലും സി.പി.എം അംഗീകരിച്ചില്ല. നിലവിലെ ഡെപ്യൂട്ടിമേയർ രാഖി രവികുമാറിന്റെ വഴുതക്കാട് വാർഡിൽ വീണ്ടും രാഖി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അവസാനഘട്ടത്തിൽ പാർട്ടി മണ്ഡലം സെക്രട്ടറി മുരളി പ്രതാപന്റെ പേരും പരിഗണിക്കുന്നുണ്ട്. അമ്പലത്തറയിൽ ജില്ലാ കമ്മിറ്റി അംഗവും നേമം മണ്ഡലം സെക്രട്ടറിയുമായ വി.എസ്.സുലോചനൻ രംഗത്തിറങ്ങും. 2010ൽ 32വോട്ടിനായിരുന്നു സുലോചനൻ പരാജയപ്പെട്ടത്. പട്ടത്ത് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.കെ.രാജു മത്സരിക്കും. കഴിഞ്ഞ തവണ ഇവിടെ 42 വോട്ടിനാണ് സി.പി.ഐ സ്ഥാനാർത്ഥി പരാജയപ്പെട്ടത്. എൽ.ഡി.എഫ് അധികാരത്തിലെത്തിയാൽ ഡെപ്യൂട്ടിമേയറാകാൻ സാദ്ധ്യതയുള്ളവരാണ് ഇരുവരും. പി.ടി.പി നഗറിൽ ഹാപ്പികുമാറും ശ്രീവരാഹത്ത് വിജയൻ നായരും സീറ്റ് ഉറപ്പിച്ചു. ഇരുവരും മുൻകൗൺസിലർമാരാണ്.വെള്ളാർ വാർഡിൽ പനത്തുറ ബൈജുവിന്റെ പേരാണ് പരിഗണനയിലുള്ളത്.അണമുഖത്ത് നേരത്തെ മത്സരിച്ചിട്ടുള്ള അജിത്തിനാണ് സാദ്ധ്യത.നിലവിൽ കൗൺസിലിൽ സി.പി.ഐ നേതാവായ വെട്ടുകാട് സോളമന്റെ ശംഖുംമുഖം വനിതാസംവരണമായതിനാൽ വലിയതുറയിലേക്കാണ് പരിഗണിക്കുന്നത്. സി.പി.ഐയുടെ തമ്പാനൂർ,നേമം, ചന്തവിള വാർഡുകൾ പട്ടികജാതി സംവരണമാണ്. അവിടേക്കുള്ള സ്ഥാനാർത്ഥികളിൽ ധാരണയായിട്ടില്ല.പൂജപ്പുര,കോട്ടപ്പുറം,ചെട്ടിവിളാകം, ഞാണ്ടൂർകോണം എന്നീ വാർഡുകളിലും ചർച്ചകൾ അവസാനഘട്ടത്തിലാണ്.
ബി.ജെ.പി സ്ഥാനാർത്ഥികളായി,
പ്രഖ്യാപനം പിന്നീട്
തിരുവനന്തപുരം: നഗരസഭയിലെ ഭൂരിഭാഗം സീറ്രുകളിലെയും സ്ഥാനാർത്ഥി നിർണയം ബി.ജെ.പി പൂർത്തിയാക്കി. എന്നാൽ ഇരുമുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനുശേഷം മാത്രം പേരുവിവരം പുറത്തുവിട്ടാൽ മതിയെന്നാണ് തീരുമാനം. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെയും നെയ്യാറ്രിൻകര, നെടുമങ്ങാട്, ആറ്രിങ്ങൽ, വർക്കല നഗരസഭകളിലെയും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം അറിയിച്ചു. ജില്ലാ പഞ്ചായത്തിലെയും കോർപ്പറേഷനിലെയും സ്ഥാനാർത്ഥികളെ സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരത്തിന് ശേഷമേ പ്രഖ്യാപിക്കൂ. ചില സിറ്രിംഗ് വനിതാ കൗൺസിലർമാരുള്ള സ്ഥലങ്ങളിൽ തർക്കം തീർന്നിട്ടില്ല. തൊട്ടടുത്ത വനിതാ വാർഡിലേക്ക് മാറാൻ ഇവർ തയ്യാറാകാത്തതാണ് പ്രശ്നം. ജനറൽ വാർഡുകളിൽ പരമാവധി പുരുഷന്മാരെ നിറുത്തിയാൽ മതിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.