pnm
നിർമ്മാണം പൂർത്തിയായ പനമരം ബ്ലോക്ക് ഓഫീസ് കെട്ടിടം

പനമരം: നാലുകെട്ട് മാതൃകയിൽ, തികഞ്ഞ രൂപഭംഗിയോടെ, പനമരം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന് പുത്തൻ മന്ദിരമൊരുങ്ങി. ജില്ലാ നിർമ്മിതി കേന്ദ്രത്തിന്റെ നാൾവഴികളിൽ അഭിമാനമായി, രൂപകല്പനയിൽ വേറിട്ടു നിൽക്കുന്ന ഈ കെട്ടിടസമുച്ചയം സർക്കാർ ഓഫീസുകളുടെ പരമ്പരാഗത രൂപങ്ങൾ തിരുത്തിയെഴുതുകയാണ്.

കൊട്ടാര സദൃശ്യമാണ് ഇരുനില കെട്ടിടത്തിന്റെ ദൂരെ നിന്നുള്ള കാഴ്ച. നടുമുറ്റത്തിന് സമാനമായി കെട്ടിടത്തിന്റെ മദ്ധ്യത്തിലായി വലിയ ഹാൾ ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചെയർപേഴ്‌സൺമാർ, മറ്റ് അംഗങ്ങൾ എന്നിവർക്കായുള്ള പ്രത്യേക മുറികളാണ് സജ്ജീകരിച്ചിട്ടുള്ളത്. കോൺഫറൻസ് ഹാൾ, ടോയ്‌ലെറ്റുകൾ, ഡൈനിംഗ് റൂം എന്നിവയും ഇവിടെയുണ്ട്.

മുകളിലത്തെ ഓഫീസുകളിലെത്താൻ രണ്ട് ഗോവണികൾ. ഒന്നാം നിലയിൽ സെക്രട്ടറിയുടെ മുറി, വിവിധ ഓഫീസ് സെക്‌ഷനുകൾ, എൻജിനീയറിംഗ് വിഭാഗം, ജോയിന്റ് ബി.ഡി.ഒ ഓഫീസ്, തൊഴിലുറപ്പ് പദ്ധതി വിഭാഗം, ശിശുവികസന വകുപ്പ് ഓഫീസ് തുടങ്ങിയവയാണ്. രണ്ടാം നിലയിൽ കൃഷി ഓഫീസറുടെ കാര്യാലയം, പട്ടികജാതി വികസന ഓഫീസ് തുടങ്ങിയവയാണ് പ്രവർത്തിക്കുക.

വിശാലമായ കാർപോർച്ച്, വരാന്തകൾ, ഫ്രണ്ട് ഓഫീസ്, പൊതുജനങ്ങൾക്കായുള്ള ഇരിപ്പിടങ്ങൾ, അംഗ പരിമിതർക്കായുള്ള റാമ്പുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്.

പ്രളയത്തെയും കൊവിഡ് കാലത്തെയും മറികടന്ന് ഒന്നര വർഷം കൊണ്ടാണ് ദ്രുതഗതിയിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. മൂന്നരക്കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന് 20,000 ചതുരശ്ര അടി വിസ്തീർണമുണ്ട്. കോർപ്പറേറ്റ് ഓഫീസ് മാതൃകയിൽ ഇവിടെയുള്ള ഓഫീസ് മുറികൾ.

താഴ്ന്ന പ്രദേശമായതിനാൽ അഞ്ചടി ഉയരത്തിൽ കെട്ടിടത്തിന്റെ അടിത്തറ നിർമ്മിക്കുകയായിരുന്നു. 12 മീറ്റർ താഴ്ചയിൽ 89 പൈലുകൾ കെട്ടിടത്തിന്റെ ദൃഢതയ്ക്കായി സ്ഥാപിച്ചിട്ടുണ്ട്. പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന രീതിയിലാണ് കെട്ടിടത്തിന്റെ നിർമ്മാണം.