കൽപ്പറ്റ: നബാർഡ് ധനസഹായത്തോടെയുള്ള ദീർഘകാല കാർഷിക / കാർഷികാനുബന്ധ ആവശ്യങ്ങൾക്കുള്ള വായ്പയുടെ വിതരണവുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന സഹകരണ ബാങ്ക് കോഴിക്കോട് റീജിയണിൽ ഒക്ടോബർ ഒന്നിന് ഒരു മാസം നീളുന്ന പ്രത്യേക കാമ്പയിൻ തുടങ്ങി. കൊവിഡ് പ്രതിസന്ധിയിൽ നിന്നു കർഷകരെ കരകയറ്റുക, കാർഷിക / കാർഷികാനുബന്ധ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് കാമ്പയിൻ.
കൃഷിതോട്ടങ്ങളുടെ നിർമ്മാണം, ഹൈടെക് ഗ്രീൻ ഹൗസ് പോളിഹൗസ് ഫാമിംഗ്, ട്രാക്ടർ, പവർ ടില്ലർ, കൊയ്ത്ത് മെതിയന്ത്രങ്ങൾ തുടങ്ങിയ കാർഷിക യന്ത്രങ്ങൾ വാങ്ങിക്കൽ, കാർഷികാവശ്യങ്ങൾക്കായി കിണർ കുഴിക്കൽ, കുഴൽക്കിണർ നിർമ്മാണം, നിലവിലുള്ള കിണറിന്റെ നവീകരണം, ഡ്രിപ്പ് ഇറിഗേഷൻ, ലിഫ്റ്റ് ഇറിഗേഷൻ, പമ്പ് ഹൗസ് സ്ഥാപിക്കൽ, ഭൂമി കൃഷിയോഗ്യമാക്കൽ, നിലവിലുള്ള കൃഷിഭൂമിയുടെ വികസനവുമായി ബന്ധപ്പെട്ട് കയ്യാലകെട്ടൽ, ബണ്ട് നിർമ്മാണം, വേലികെട്ടൽ, തേനീച്ച വളർത്തൽ, പശു, പോത്ത്, എരുമ, ആട് തുടങ്ങിയവ വളർത്തൽ, മത്സ്യകൃഷി, കോഴിഫാം ആരംഭിക്കൽ തുടങ്ങി വിവിധ സംരംഭങ്ങൾക്ക് പരമാവധി 15 വർഷം വരെയുള്ള കാലാവധിയിൽ വായ്പ ലഭ്യമാക്കും. കൃഷിക്കാർ സമർപ്പിക്കുന്ന സംരംഭങ്ങളെക്കുറിച്ച് വിശദമായ പരിശോധന യ്ക്കു ശേഷം നബാർഡിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് വായ്പ നൽകുക.
കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട്, വയനാട് ജില്ലകളിലെ കേരള ബാങ്ക് ശാഖകളുമായി ബന്ധപ്പെടണമെന്ന് റീജിയണൽ ജനറൽ മാനേജർ കെ പി അജയകുമാർ അറിയിച്ചു.