kaduva
ആടുകളുടെ ജഡവുമായി കർഷകർ ഇരുളം വനം വകുപ്പ് ഒാഫീസിലേക്ക് നടത്തിയ മാർച്ച്

പുൽപ്പളളി: വയനാട്ടിൽ കടുവ വേണോ? അതോ മനുഷ്യൻ വേണോ? നമ്മുടെ വനം വകുപ്പ് പറയും കടുവ മാത്രം മതിയെന്ന്. അല്ലെങ്കിൽ വന്യമൃഗങ്ങൾ മാത്രം മതിയെന്ന്. അതാണ് ഇപ്പോൾ വയനാട്ടിലെ അവസ്ഥ. വനാതിർത്തികളിൽ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും ഒരു വിലയും ഇല്ലാത്ത അവസ്ഥ. മനുഷ്യ ജീവനുകൾക്ക് പുല്ല് വില. കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സംരക്ഷിക്കുന്ന ജീവനും സ്വത്തിനും വന്യമൃഗങ്ങൾ ഭീഷണി ഉയർത്താൻ തുടങ്ങിയിട്ട് കാലം കുറെയായി.

സങ്കടം ബോധിപ്പിച്ച് മടുത്തു. ആരോട് പരാതി പറയാൻ? ഇപ്പോൾ പുൽപ്പളളി മേഖലയിൽ വിഷയം കടുവയാണ്. മൂന്ന് നാല് കടുവകൾ നായാട്ട് നടത്തുന്നത് വനാതിർത്തികൾ കടന്നു വന്നാണ്. വളർത്ത് മൃഗങ്ങളെ കൊന്നു തിന്നുന്നു. ചീയമ്പം മേഖലയിൽ ഇന്നലെയും കടുവ ഇറങ്ങി ആടുകളെ കൊന്നു തിന്നു. കൊഞ്ചത്ത് കോരുവിന്റെ ആടുകളെയാണ് കടുവ കൊന്ന് തിന്നത്. പ്രദേശത്തെ കുളത്തിൽ ചൂണ്ടയിട്ട് മീൻ പിടിക്കുകയായിരുന്ന കുട്ടികൾക്ക് അടുത്ത മേഞ്ഞ് കൊണ്ടിരുന്ന ആടുകളെയാണ് വനാതിർത്തി കടന്ന് വന്ന കടുവ പിടിച്ച് കൊണ്ട് പോയത്. കടുവയെ കണ്ട് കുട്ടികൾ ഭയന്നോടി.

ഇവരുടെ ഭയം ഇനിയും അകന്നില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ പന്ത്രണ്ട് ആടുകളെയാണ് കടുവ ശാപ്പിട്ടത്. വനപാലകർ എത്തി പതിവ് ചടങ്ങ് നടത്തി തിരിച്ച് പോയതല്ലാതെ മറ്റ് നടപടികളൊന്നുമില്ല. പകരം വനമേഖലയിൽ കന്നുകാലികളെ മേക്കാൻ വിടരുതെന്ന നിർദ്ദേശമാണ് വനം വകുപ്പ് കർഷകർക്കും പരിസരവാസികൾക്കുമായി നൽകിയത്.

മൂന്ന് കടുവകൾ ഇവിടെ നായാട്ടിനിറങ്ങിയിട്ടുണ്ട്. അതിൽ ഒരെണ്ണം റേഡിയോ കോളർ വച്ചതാണെന്നാണ് വിവരം. കടുയെ വെടിവച്ച് പിടികൂടി മയക്കി അതിന്റെ കഴുത്തിൽ റേഡിയോ കോളർ വച്ച് പിടിപ്പിച്ച് വനത്തിലേക്ക് തന്നെ വിട്ട കടുവകളിൽ ഒരെണ്ണമാണ് ഇവിടെ നിത്യശല്യക്കാരനായി മാറിയത്. ആനപ്പന്തി മേഖലയിൽ കർഷകരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി കടുവയെ പിടിക്കാനായി ഇന്നലെ വൈകിട്ടോടെ കൂട് സ്ഥാപിച്ചിട്ടുണ്ട്.

വനം വകുപ്പ് വനത്തിൽ സ്ഥാപിച്ച കാമറയിൽ ശല്യക്കാരനായ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. സൗത്ത് വയനാട് ഡി.എഫ്.ഒ പി. അജിത്കുമാർ, ചെതലയം റേഞ്ച് ഒാഫീസർ ടി. ശശികുമാർ, ഡെപ്യൂട്ടി റേഞ്ച് ഒാഫീസർ കെ.വി. ആനന്ദ്, മയക്ക് വെടി വിദഗ്ദ്ധൻ ഡോ. അരുൺ സക്കറിയ എന്നിവർ നിരീക്ഷണം നടത്തി മടങ്ങി.

ആടുകളുടെ ജഡവുമായി കർഷകർ വനം വകുപ്പ് ഒാഫീസിൽ

ശല്യക്കാരായ കടുവകളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കടുവ കൊന്ന് തിന്ന ആടുകളുടെ ജഡവുമായി കർഷകർ ഇരുളം വനം വകുപ്പ് ഒാഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നാൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പത്ത് പേർക്കെതിരെ കേസെടുക്കാനാണ് പൊലീസ് തയ്യാറായത്. വനം വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണിത്. ഇതിൽ കർഷകർ ക്ഷുഭിതരാണ്. വയനാട്ടിൽ മനുഷ്യർക്കാണോ വന്യമൃഗങ്ങൾക്കാണോ പ്രാധാന്യമെന്ന ചോദ്യം ഉയരുന്നത് അത് കൊണ്ടാണ്.