adeela-abdulla

കൽപ്പറ്റ: ചുരത്തിന് മുകളിൽ ഭരണ ചക്രം തിരിക്കാൻ ജില്ലാ പൊലീസ് മേധാവിയായി ജി. പൂങ്കുഴലിയും എത്തിയപ്പോൾ ജില്ലയുടെ അമരത്തേക്ക് അങ്ങനെ വളയിട്ട കൈകൾ നാലായി. വയനാട് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുളള, ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ. ആർ. രേണുക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ എന്നിവരായിരുന്നു ഇതേവരെ ജില്ലയുടെ ഭരണസിരാകേന്ദ്രങ്ങളിൽ തിളങ്ങിയത്. എന്നാൽ ഇന്ന് ജില്ലാ പൊലീസ് മേധാവിയായി ആർ. പൂങ്കുഴലി കൂടി എത്തിയതോടെ വയനാട് ജില്ലയിൽ ഭരണ ചക്രം തിരിക്കുന്നത് മുഴുവൻ പെണ്ണുങ്ങൾ.

തീർന്നില്ല കഥ,​

വയനാടുമായി അതിർത്തി പങ്കിടുന്ന നീലഗിരിയിലും കുടകിലും കളക്ടർമാർ പെണ്ണുങ്ങൾ തന്നെ. നീലഗിരി ജില്ലയുടെ കളക്ടർ ജെ. ഇന്നസെന്റ് ദിവ്യയാണ്. കർണ്ണാടകയിലെ കുടക് ജില്ലയിൽ മലയാളിയായ ആനീസ് കൺമണിയാണ് ജില്ലാ കളക്ടർ. ക്ഷമ മിശ്രയാണ് ഇവിടുത്തെ ജില്ലാ പൊലീസ് മേധാവി. മൈസൂറിൽ രോഹിണി സിന്ധൂരിയാണ് ജില്ലാ കളക്ടർ. വയനാട് ജില്ലാ കളക്ടർ എന്ന നിലയിൽ ഡോ. അദീല അബ്ദുളള ഇതിനകം തന്നെ പേരെടുത്തു കഴിഞ്ഞു. വയനാടുമായി തൊട്ട് കിടക്കുന്ന കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശിനിയാണ് മുപ്പത്തിയഞ്ചുകാരിയായ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള. പക്രംതളം ചുരം ഇറങ്ങിയാൽ നാടെത്തി. കൊവിഡ് കാലത്ത് ഉൗണും ഉറക്കവും ഉപേക്ഷിച്ച് കുടുംബ ബന്ധങ്ങളേക്കാൾ വലുത് ജനസേവനമാണെന്ന് തെളിയിക്കാൻ ഡോ. അദീല അബ്ദുള്ളയ്ക്ക് കഴിഞ്ഞു. ജില്ലാ പൊലീസ് മേധാവിയായ ആർ. ഇളങ്കോ കൊല്ലം റൂറൽ എസ്.പിയായി സ്ഥലം മാറിപ്പോയതോടെയാണ് കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മിഷണറായ ജി. പൂങ്കുഴലി ചുരം കയറി എത്തുന്നത്.