jaleel
കൊല്ലപ്പെട്ട ജലീൽ

കൽപ്പറ്റ: വയനാട്ടിലെ ലക്കിടിയിൽ ഉപവൻ റിസോർട്ടിൽ മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ വെടിയേറ്റ് മരിച്ച സംഭവം കൂടുതൽ വിവാദങ്ങളിലേക്ക്. അന്നത്തെ ജില്ലാ കളക്ടർ കൂടിയായ എ.ആർ. അജയകുമാർ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച മജിസ്റ്റീരിയിൽ റിപ്പോർട്ടാണ് ശാസ്ത്രീയ പരിശോധനയും ബാലസ്റ്റിക് പരിശോധനയും ഇല്ലാതെ നൽകിയതാണെന്ന് പരക്കെ ആക്ഷേപം ഉയർന്നത്.

2019 മാർച്ച് ആറിന് രാത്രിയാണ് വൈത്തിരിക്കടുത്തെ ലിക്കിടി ഉപവൻ റിസോർട്ടിൽ സി.പി. ജലീൽ വെടിയേറ്റ് കൊല്ലപ്പെടുന്നത്. പൊലീസിനെ വെള്ളപൂശാനുളള നടപടിയാണ് ഇതുവഴി പുറത്തായത്. തോക്കേന്തിയ മാവോയിസ്റ്റുകൾ ഉപവൻ റിസോർട്ടിലെത്തി പൊലീസിന് നേരെ നിറയൊഴിച്ചെന്നും പ്രതിരോധത്തിനായി കമാൻഡോകൾ നടത്തിയ വെടിവെപ്പിലാണ് ജലീൽ കൊല്ലപ്പെട്ടതെന്നുമാണ് ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തലക്ക് പിന്നിൽ വലതുഭാഗത്താണ് ജലീലിന് മാരകമായ വെടിയേറ്റത്.

പ്രതിരോധത്തിനിടെ ഉണ്ടായ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്നും ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇത് പൊലീസിനെ വെള്ളപൂശാനുളള ഗൂഢാലോചനയുടെ ഭാഗമാണെന്ന് റഷീദിന്റെ സഹോദരനും മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറിയുമായ സി.പി. റഷീദ് 'കേരളകൗമുദി ഫ്ളാഷി'നോട് പറഞ്ഞു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ട് ജില്ലാ കോടതിയിൽ സമർപ്പിച്ചത് സുപ്രീം കോടതി നിർദ്ദേശത്തിന്റെ ലംഘനമാണെന്നും സി.പി. റഷീദ് കുറ്റപ്പെ‌ടുത്തി. ഏഴ് മാസത്തോളം റിപ്പോർട്ട് സമർപ്പിക്കാതെ മറച്ച് വെക്കുകയായിരുന്നു. ഇതിനിടെ ഏറ്റുമുട്ടലിൽ പൊലീസ് ഉപയോഗിച്ച തോക്കുകൾ തിരികെ ആവശ്യപ്പെട്ട് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡ് നൽകിയ ഹർജി ജില്ലാ സെഷൻസ് കോടതി തള്ളുകയും ചെയ്തു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സമർപ്പിച്ച എ.കെ. 47തോക്കുകളും പിസ്റ്റളും ഫൊറൻസിക് പരിശോധന കഴിഞ്ഞതിനാൽ തിരികെ തരണമെന്നാണ് ആവശ്യം. ആയുധങ്ങൾ തുരുമ്പെടുക്കുമെന്നും ഹർജിയിൽ പറയുന്നു.