tourist
സഞ്ചാരികളുടെ വരവും കത്ത് .....

സുൽത്താൻ ബത്തേരി: കൊവിഡിന്റെ വരവോടെ ആറു മാസമായി അടഞ്ഞുകിടക്കുന്ന ടൂറിസം കേന്ദ്രങ്ങൾ വൈകാതെ ഉണരുകയായി. നിയന്ത്രണ ഇളവ് ഇവയ്ക്ക് കൂടി ബാധകമാക്കാനുള്ള തീരുമാനമുണ്ടായ സാഹചര്യത്തിൽ മുഖം മിനുക്കി ഒരുങ്ങുകയാണ് വയനാട്ടിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ.

മറ്റെല്ലാ മേഖലകളിലും ലോക് ഡൗൺ ഇളവുകൾ വന്നപ്പോഴും ടൂറിസം രംഗത്ത് പ്രവർത്തനാനുമതി ലഭിച്ചിരുന്നില്ല. മാസങ്ങൾ നീണ്ട നിശ്ചലാവസ്ഥയിൽ കോടികളുടെ നഷ്ടമാണ് ഈ മേഖലയിൽ നേരിട്ടത്. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെന്ന പോലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളവയും കടുത്ത പ്രതിസന്ധിയിലേക്ക് പതിക്കുകയായിരുന്നു.
തുടർച്ചയായി രണ്ടു വർഷം പ്രളയമുണ്ടായത് ടൂറിസം മേഖലയ്ക്ക് സൃഷ്ടിച്ച ആഘാതം കുറച്ചൊന്നുമായിരുന്നില്ല. അതിനു പിറകെയാണ് ഈ വർഷം കൊവിഡ് പടർന്നതോടെയുണ്ടായ കനത്ത ആഘാതം. സെപ്തംബർ മുതൽ ആരംഭിക്കുന്ന ടൂറിസം സീസൺ ഫെബ്രുവരി വരെ നീളാറുണ്ട്. ഇത്തവണയും അതിന് മങ്ങലേൽക്കുകയായിരുന്നു.
വയനാടിന്റെ പ്രകൃതിസൗന്ദര്യം നുകരാൻ ആഭ്യന്തര ടൂറിസ്റ്റുകൾക്ക് പുറമെ നിരവധി വിദേശീയരും എത്താറുണ്ട്. വിനോദ സഞ്ചാരികളുടെ പ്രവാഹം തന്നെയായിരുന്നു രണ്ടു വർഷം മുമ്പ് വരെ വയനാട്ടിൽ. നിരവധി ഹോം സ്റ്റേകളും റിസോർട്ടുകളും ഈയടുത്ത കാലത്ത് വയനാട്ടിൽ പിറവിയെടുത്തു. ഇവയിൽ മിക്കതും വായ്പയെടുത്ത് തുടങ്ങിയവയാണ്. വരുമാനം നിലച്ചതോടെ ഈ സ്ഥാപനങ്ങളെല്ലാം ഇപ്പോൾ സാമ്പത്തികമായി തകരുകയായിരുന്നു.
റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കും ലോക് ഡൗൺ ഇളവുകളെ തുടർന്ന് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പ്രവർത്തിക്കാൻ അനുമതി ലഭിച്ചതാണെങ്കിലും കണ്ടെയ്‌ൻമെന്റ് സോണുകൾ വ്യാപിച്ചതോടെ പലർക്കും സ്ഥാപനം അടച്ചിടേണ്ടി വന്നു. നാലാംഘട്ട ഇളവ് വന്നപ്പോഴെക്കും കൊവിഡ് വ്യാപനം രൂക്ഷമാവവവവുകയും നിരോധനാജ്ഞ നിലവിൽ വരികയും ചെയ്തതോടെ വീണ്ടും കർശന നിയന്ത്രണങ്ങളായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അങ്ങിങ്ങായി പല റിസോർട്ടുകളും ഹോംസ്റ്റേകളും ഇപ്പോൾ തുറക്കുന്നുണ്ടെങ്കിലും തീരെ കുറവാണ് ടൂറിസ്റ്റുകളുടെ വരവ്. നേരത്തെ ഓൺലൈൻ ബുക്കിംഗിലൂടെ മാത്രമായിരുന്നു റിസോർട്ടുകളിലും എത്തിയിരുന്നതെങ്കിൽ ഇപ്പോൾ ആ രീതിയിൽ ആരും വരുന്നില്ല. ചില ആഭ്യന്തര ടൂറിസ്റ്റുകൾ മാത്രമാണ് എത്തുന്നത്.
ക്വാറന്റൈൻ കേന്ദ്രങ്ങളാക്കി മാറ്റിയ ടൂറിസ്റ്റ് റിസോർട്ടുകളിലേക്ക് ടൂറിസ്റ്റുകൾ തിരിഞ്ഞുപോലും നോക്കാതെയായി. നിരവധി ടൂറിസ്റ്റ് ഹോമുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ പല സ്ഥാപനങ്ങളും അടച്ചിട്ടപ്പോൾ തൊഴിലാളികളിൽ നല്ലൊരു പങ്കും ബദൽ മാർഗം തേടിപ്പോയി. ഇനി അവരെയൊക്കെ തിരിച്ചുകൊണ്ടു വരേണ്ടതുണ്ട്.

ടൂറിസം കേന്ദ്രങ്ങൾ വരുംദിവസങ്ങളിൽ തന്നെ തുറക്കുമെന്ന് പ്രതീക്ഷയിലാണ് ടൂറിസ്റ്റ് റിസോർട്ടുകാരും മറ്റും. ഈ മേഖലയിലെ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി സർക്കാർ അടിയന്തര സഹായം അനുവദിക്കണമെന്ന ആവശ്യമാണ് സ്ഥാപന ഉടമകളുടേത്.