hunting
അറസ്റ്റിലായ നായാട്ടുസംഘം

പുൽപ്പള്ളി: അമ്മാനി നഞ്ചർമൂല കാട്ടിൽ നായാട്ടിനായി കയറിയ അഞ്ചു പേരെ നാടൻ തോക്കും തിരകളും സഹിതം വനപാലകർ പിടികൂടി. പുൽപ്പള്ളി റേഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി.പി സുനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

അഞ്ചുകുന്ന് കല്ലിട്ടാംകുഴി വേണുഗോപാൽ (ബാബു, 49), പനമരം തെശ്ശേരി പി.സി ഷിബി (44), കമ്പളക്കാട് തുന്നൽക്കാട്ടിൽ ടി.കെ ഹാരിസ് (41), കമ്പളക്കാട് കിഴക്കൻ മൂലയിൽ കെ.കെ രാജേഷ് (44), അരിഞ്ചേർ മല ഞാറക്കാട്ടിൽ സത്യൻ (44) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നു ഒരു നാടൻതോക്കും 25 തിരകളും വനപാലകർ പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന ഓമ്‌നി വാനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സെക്‌ഷൻ ഫോറസ്റ്റർ മോഹൻകുമാർ, ബീറ്റ് ഫോറസ്റ്റർമാരായ രാജ് മോഹൻ, ദീപ്തി, വാച്ചർമാരായ കേളു, രാജേഷ്, താത്കാലിക വാച്ചർമാരായ അമ്മാനി രാജൻ, മുനാഫ്, ശിവൻ എന്നിവരും വനപാലക സംഘത്തിലുണ്ടായിരുന്നു.