സ്‌റ്റേഷനിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം

തിരുനെല്ലി: തിരുനെല്ലി പൊലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ, എസ്.ഐ എന്നിവരുൾപ്പെടെ 9 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന ആന്റിജൻ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ സ്‌റ്റേഷനിലെ ശുചീകരണ തൊഴിലാളിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

30 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് സ്‌റ്റേഷനിലുള്ളത്. ഇതിൽ 9 പേർക്ക് രോഗം സ്ഥിരീകരിക്കുകയും, 16 പേർ നിരീക്ഷണത്തിലാകുകയും ചെയ്തതോടെ സ്‌റ്റേഷനിൽ പൊതുജനത്തിന് പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. കാട്ടിക്കുളം എയ്ഡ് പോസ്റ്റ് വഴി കടുത്ത നിയന്ത്രണങ്ങളോടെ മാത്രം അവശ്യസേവനം നൽകുന്നുണ്ട്. പൊലീസ് സ്‌റ്റേഷൻ അണുവിമുക്തമാക്കി വരുന്നതായും, തീവ്രസമ്പർക്കമില്ലാത്തവർക്ക് വേഗം ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയുമെന്നും ഡി.എം.ഒ ഡോ. രേണുക വ്യക്തമാക്കി. ആദിവാസി ഭൂരിപക്ഷ മേഖലയായതിനാൽ പരിസര പ്രദേശങ്ങളിൽ പരിശോധനയും നിരീക്ഷണവും ഊർജ്ജിതമാക്കുമെന്നും ഡി.എം.ഒ അറിയിച്ചു.