vinusha-ravi
വിനുഷ രവി

കൽപ്പറ്റ: അഭിനയിക്കാനൊന്നും അറിയില്ല. ഞങ്ങളാരും അഭിനയം പഠിച്ചിട്ടുമില്ല. പക്ഷെ, കഷ്ടപ്പെട്ടാണെങ്കിലും ജീവിക്കാൻ അറിയാം. ആ ജീവിതം എന്തെന്നു കാണിക്കുക മാത്രമാണ് ചെയ്തത് ;

കെഞ്ചിര എന്ന സിനിമയിലൂടെ ആദിവാസി ജീവിതം അഭിനയത്തിലൂടെ പകർത്തിയ വിനുഷ രവി പറയുന്നത് ഇങ്ങനെ.

മികച്ച രണ്ടാമത്തെ ചിത്രമായി കെഞ്ചിര തിരഞ്ഞെടുക്കപ്പെട്ടതിൽ ടൈറ്റിൽ റോളിലെത്തിയ വിനുഷ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ്. ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇൗ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ് ഈ മിടുക്കി.

പീഡനത്തിനിരയായ കെഞ്ചിരയുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് പണിയ ഭാഷയിലുള്ള സിനിമ. സംവിധായകൻ മനോജ് കാന തന്നെയാണ് നിർമ്മാതാവും.

ഞങ്ങളുടെ ജീവിതം പച്ചയായ ജീവിതം വരച്ചുകാട്ടിയ ചിത്രം സംസ്ഥാന ചലച്ചിത്ര അവാർഡിന് പരിഗണിക്കുന്നതിലേക്ക് ഉയർന്നല്ലോ. സംവിധായകൻ എല്ലാം പറഞ്ഞു തന്നു. ഞങ്ങൾ അതുപോലെ ചെയ്തു. കാമറയ്ക്കു മുന്നിൽ കാണുന്നത് തന്നെയാണ് ജീവിതത്തിലും. അഭിനയമെന്നു പറയാനേ പറ്റില്ല; വിനുഷ പറയുന്നു.

മാനന്തവാടിയ്ക്കടുത്ത് ദ്വാരക പത്തിൽകുന്ന് കോളനിയിലെ രവി - ബിന്ദു ദമ്പതികളുടെ മകളാണ് വിനുഷ. പണിയ വിഭാഗക്കാരുടെ ദുരിതജീവിതത്തിന്റെ നേർപ്പകർപ്പായി കാണാവുന്ന ചിത്രത്തിൽ പത്തിൽകുന്ന്, വളളിയൂർക്കാവ്, കൊഴിഞ്ഞങ്ങാട് എന്നിവിടങ്ങളിലെ ആദിവാസികളാണ് ഇതിൽ വേഷമിട്ടത്. ഇൗ കോളനികളിലും പയ്യമ്പളളി മുട്ടങ്കര കോളനിയിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

കെഞ്ചിരയുടെ ഭർത്താവായി വേഷമിട്ട കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് കോളനിയിലെ വിനു, വള്ളിയൂർക്കാവ് കോളനിയിലെ ആദിവാസി മൂപ്പനായി അഭിനയിച്ച കരുണൻ, ചാച്ചമ്മ, മുത്തശ്ശിയായി വേഷമിട്ട എൺപതുകാരി ഉൗലി എന്നിവരുമെല്ലാം നിറഞ്ഞ സന്തോഷത്തിലാണിപ്പോൾ. വിനുഷയുടെ അച്ഛൻ രവിയും അമ്മ ബിന്ദുവും സഹോദരി വിനീതയും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഗോവ ഫിലിം ഫെസ്റ്റിവലിന്റെ പ്രദർശന വിഭാഗത്തിൽ കെഞ്ചിരയുടെ സ്‌ക്രീനിംഗ് നടന്നപ്പോൾ വിനുഷ രക്ഷിതാക്കൾക്കൊപ്പം അവിടെയെത്തിയിരുന്നു. അംഗീകാരം ഏറ്റുവാങ്ങാനും കഴിഞ്ഞു.

കെഞ്ചിരയിലൂടെ പ്രതാപ് നായർ ഛായാഗ്രഹണത്തിനും അശോകൻ ആലപ്പുഴ വസ്ത്രാലങ്കാരത്തിനുമുള്ള പുരസ്‌കാരത്തിന് അർഹരായി.

രണ്ട് പാട്ടുകളേയുള്ളൂ കെഞ്ചിരയിൽ. അതിൽ ഒരെണ്ണം കുരീപ്പുഴ ശ്രീകുമാറിന്റേതാണ്. മറ്റൊന്ന് എഴുതിയത് വയനാട്ടുകാരൻ അജികുമാർ പനമരവും.