icb
യു.ഡി.എഫ് നേതാക്കൾ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ വയനാട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തുന്നു

നടപടി സംസ്ഥാന സർക്കാരിനെ ഔദ്യോഗികമായി അറിയിക്കാത്തതിന്

കൽപ്പറ്റ:വയനാട് എം.പി രാഹുൽ ഗാന്ധി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച പരിപാടിക്ക് ജില്ലാ കളക്ടർ ഡോ: അദീല അബ്ദുളള അനുമതി നിഷേധിച്ചു.1.20 കോടി രൂപ ചെലവഴിച്ച് ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേന നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി സർക്കാരിനെ അറിയിക്കാത്തതിനാലാണിത്.

എംഎസ്ഡിപി പദ്ധതിയിൽ ഉൾപ്പെട്ട മുണ്ടേരി സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരുന്നു നടക്കേണ്ടിയിരുന്നത്. എം.പിയെ അപമാനിച്ചെന്നാരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ വയനാട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ചു.ഇന്നലെ രാവിലെ 10.30 ന് ഉദ്ഘാടനത്തിന് തൊട്ടുമുൻപാണ് പരിപാടിക്ക് അനുമതിയില്ലെന്ന് ജില്ലാ കളക്ടർ യുഡിഎഫ് നേതാക്കളെ അറിയിച്ചത്. സർക്കാരിന്റെ നിർദേശമനുസരിണിതെന്നും അറിയിച്ചു.. മുനിസിപ്പാലിറ്റി കത്തയച്ച് പരിപാടിയിലേക്ക് ക്ഷണിച്ച് രാഹുൽ ഗാന്ധിയെ അപമാനിച്ചതായി ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണൻ എം.എൽ.എ കുറ്റപ്പെ‌ടുത്തി.

എന്നാൽ, എംഎസ്ഡിപി പദ്ധതികളുടെ ഉദ്ഘാടനം സർക്കാരിനെ അറിയിക്കണമെന്ന ഉത്തരവ് കോൺഗ്രസ് മുഖവിലക്കെടുത്തില്ലെന്നാണ് കൽപ്പറ്റ എം.എൽ.എ സി.കെ ശശീന്ദ്രന്റെ വിശദീകരണം.

എം.എസ്.ഡി.പി പദ്ധതി മുഖേനയുള്ള നിർമ്മാണ പദ്ധതികൾ കോൺഗ്രസ് രാഷ്ട്രീയ നേട്ടത്തിന് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സി .പി .എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.ഉദ്ഘാടകനായി നിശ്ചയിക്കപ്പെട്ട വയനാട് എം.പിക്ക് ഈ കെട്ടിട നിർമ്മാണത്തിൽ ഒരു പങ്കുമില്ലെന്നും പാർട്ടി വ്യക്തമാക്കി.