പടിഞ്ഞാറത്തറ: പത്ത് മാസം പ്രായമായ രണ്ട് കുട്ടികൾ ഉൾപ്പെടെ കൊവിഡ് പോസിറ്റീവായ പടിഞ്ഞാറത്തറ പഞ്ചായത്തിലെ ബപ്പനം പ്രദേശത്തെ പത്തംഗ കുടുംബത്തിന് രോഗമുക്തി. രണ്ടാഴ്ച്ച മുമ്പ് കൊവിഡ് പോസിറ്റീവായ ഈ കുടുംബത്തിലെ പത്തോളം അംഗങ്ങളെ പഞ്ചായത്ത് ഭരണസമിതിയുടെയും കാപ്പുംകുന്ന് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ദീപക്കിന്റെയും മേൽനോട്ടത്തിലാണ് ഹോം സെന്റർ തുടങ്ങി രോഗമുക്തി നേടിയത്.
പഞ്ചായത്തിലെ കാപ്പുംകുന്ന് പി.എച്ച്.സിയുടെ കീഴിലെ ആദ്യത്തെ ഹോം ഐസലേഷൻ സെന്റർ ആണ് ബപ്പനം പ്രദേശത്തെ വീട്ടിൽ പൂർത്തിയാക്കിയത്. രോഗമുക്തി നേടിയ കുടുംബങ്ങൾക്ക് ഇവരുടെ വീട്ടിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി നൗഷാദ്, മെഡിക്കൽ ഓഫീസർ ഡോ: ദീപക് എന്നവർ മധുരം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി മമ്മൂട്ടി, ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ഹാരിസ്, പി.നൗഷാദ്, നഴ്സുമാരായ സിനി, അഖില,നിഷ,രാജി തുടങ്ങിയവർ സംബന്ധിച്ചു.