തോൽപ്പെട്ടി: തോൽപ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ വച്ച് ഇന്നലെ പുലർച്ചെ നടത്തിയ വാഹനപരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന ഹാഷിഷ് ഓയിലും പാൻമസാല ഉൽപ്പന്നങ്ങളും പിടികൂടി.
മയക്കുമരുന്ന് കടത്തിയ കോഴിക്കോട് സ്വദേശികളായ പിലാക്കണ്ടി നൈനാൻ വളപ്പിൽ വീട്ടിൽ കെ.വി.ഷർഷാദ് (28), കല്ലറക്കണ്ടി തുലാമുറ്റംപറമ്പ് വീട്ടിൽ എം.പി.ഷാഹുൽ ഹമീദ് (29 ) എന്നിവരെ മാനന്തവാടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തു.
പ്രതികളിൽ നിന്ന് 28 ഗ്രാം ഹാഷിഷ് ഓയിലും 95 ബണ്ടിൽ (1330 പാക്കറ്റ്) പാൻമസാല ഉൽപ്പന്നങ്ങളും പിടികൂടി. ഇവർ യാത്രചെയ്തിരുന്ന കെ.എൽ 54 ജെ 6169 നമ്പർ ഹൂണ്ടായി ഇയോൺ കാറും കസ്റ്റഡിയിലെടുത്തു.
വീഡിയോ കോൺഫറൻസിങ് മുഖേന മാനന്തവാടി കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.അനൂപ്, ഒ.ഷഫീക്ക്, പി.വിജേഷ് കുമാർ, കെ.ഹാഷിം, ഇ.സാലിം എന്നിവരും റെയ്ഡിൽ പങ്കെടുത്തു.