k
സംഗീത ആൽബത്തിന്റെ അണിയറ പ്രവർത്തകർ

ചുള്ളിയോട്: കേട്ട് ശീലിച്ച താളങ്ങൾ മാറുകയാണ്, കണ്ട് പഴകിയ ചുവടുകളും. സമൂഹത്തിൽ മാറ്റത്തിന്റെ അലയൊലി മുഴക്കുകയാണ് " കുറ് കുറെ ബ്രോസ് " എന്ന വയനാട്ടുകാരുടെ സ്വന്തം സംഗീത ആൽബം.

വശങ്ങളിലേക്ക് ഒതുക്കപ്പെട്ടവരുടെ പുതിയ തലമുറ മുന്നോട്ട് വയ്ക്കുന്ന മാറ്റത്തിന്റെ രാഷ്ട്രീയമാണ് ആൽബം സംസാരിക്കുന്നത്. വയനാട്ടിലെ പണിയ ഭാഷയിലാണ് ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ആദിവാസി സംഗീതം, നൃത്തം എന്നൊക്കെ കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്ന ചിത്രങ്ങളുടെ നേർ വിപരീതമാണ് 'കുറ് കുറെ ബ്രോസി'ന്റെ ഫ്രെയ്മുകൾ.

ചുള്ളിയോട് അമ്പലക്കുന്നിലെ എട്ടോളം ചെറുപ്പക്കാരുടെ ചടുലമായ നൃത്തം തന്നെയാണ് ആൽബത്തിന്റെ മുഖ്യാകർഷണം. ടീ ഷർട്ടും ജീൻസും തൊപ്പിയുമൊക്കെയിട്ട് അവർ നിറഞ്ഞാടിയപ്പോൾ, പാടി തകർത്തത് പുറക്കാടി വീട്ടിപ്പുരയിലെ രാജേന്ദ്രനാണ്. സുകുമാരൻ ചാലിഗദ്ധയുടെ വരികൾക്ക് സംഗീതം നൽകിയത് വിനു കിടച്ചുലൻ. രൂപേഷ് കുമാർ സംവിധാനം ചെയ്ത ഈ സംഗീത ആൽബം നിർമ്മിച്ചത് ഒന്നിപ്പ് ഓൺലൈൻ മാഗസിനും ഗൂസ്ബെറി ബുക്സും ചേർന്നാണ്.

നൃത്തം ചെയ്ത യുവാക്കളുടെ വീടുകൾക്കടുത്തുള്ള പാടവും ഇഷ്ടികക്കളവുമൊക്കെ പശ്ചാത്തലമൊരുക്കിയ ആൽബം സമൂഹ മാധ്യമങ്ങളിലൂടെ ആയിരക്കണക്കിനാളുകൾ ഇതിനകം കണ്ട് കഴിഞ്ഞു.