സുൽത്താൻ ബത്തേരി: സമ്പൂർണ ലോക്ഡൗൺ വേളയിൽ തുടക്കമിട്ട കുപ്പാടിയിലെ കമ്മ്യൂണിറ്റി കിച്ചൺ പിന്നീട് കൊവിഡ് ബാധിതർക്കുൾപ്പെടെ ഭക്ഷണം ഒരുക്കുന്ന അടുക്കളയായി മാറിയതോടെ ഇതിനകം ഇവിടെ നിന്ന് ഭക്ഷണം വിളമ്പിയത് രണ്ട് ലക്ഷത്തിലേറെ പേർക്ക്.
സുൽത്താൻ ബത്തേരി നഗരസഭയുടെ നേതൃത്വത്തിൽ കുടുംബശ്രീ മുഖേന തുടങ്ങിയതായിരുന്നു കുപ്പാടി ഗവ. ഹൈസ്‌കൂളിലെ കമ്മ്യൂണിറ്റി കിച്ചൺ. ഇത് വൈകാതെ കൊവിഡ് ആശുപത്രികളിലേക്കും കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്കും ഭക്ഷണം എത്തിച്ചു നൽകുന്ന അടുക്കളയായി മാറുകയായിരുന്നു. ഈ ഏഴു മാസത്തിനിടയിൽ ഒരു ദിവസംപോലും ഇവിടത്തെ അടുപ്പിൽ തീ പുകയാതിരുന്നിട്ടില്ല. പുലർച്ചെ മുതൽ രാത്രി എട്ട് വരെ ഇവിടെ പാചകപ്പുര ഉണർന്നിരിക്കുകയാണ്. തുടക്കം മുതൽ അഞ്ച് പേരാണ് ഭക്ഷണം പാചകം ചെയ്യുന്നത്.
രാവിലെ ആറിന് കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ബെഡ് കോഫി എത്തിക്കുന്നതിൽ നിന്നാണ് ഓരോ ദിവസത്തിന്റെയും തുടക്കം. തുടർന്ന് ഏഴരയ്ക്ക് പ്രാതൽ. ഇതിന് ചായയ്ക്കൊപ്പം പഴം, ഉപ്പുമാവ്, ഇഡ്ഡലി പുട്ട് , കടല തുടങ്ങിയവയിലേതെങ്കിലുമായി നൽകണം. 11 മണിയ്ക്ക് കേക്കും ചായയും. ഉച്ചയൂണിന് പതിവ് കറികൾക്കൊപ്പം മീനുമുണ്ടാവും. വ്യാഴാഴ്ചകളിൽ നെയ്‌ച്ചോറും കോഴിയിറച്ചിയും. ഞായറാഴ്ചകളിലുമുണ്ട് കോഴിയിറച്ചി. വൈകിട്ട് കടല, ചേന എന്നിവ ചേർത്തുള്ള പുഴുക്ക്. രാത്രി ചപ്പാത്തിയല്ലെങ്കിൽ കഞ്ഞി. മുട്ട, മീൻ തുടങ്ങിയവ രാത്രിയുമുണ്ടാവും. വെജിറ്റേറിയനും നോണും വെവ്വേറെ നൽകണം.
പുലർച്ചെ നാല് മണിയോടെ അടുക്കളയിലെ അഞ്ചു പേരും സജീവമാവുകയായി. ചൈതന്യ കുടുംബശ്രീയുടെ കീഴിലുള്ള മാത കാറ്ററിംഗ് സർവീസിനാണ് അടുക്കളയുടെ ചുമതല. തുടർച്ചയായുള്ള ജോലിഭാരം ലഘുകരിക്കന്നതിന് പത്ത് ദിവസം കൂടുമ്പോൾ പുതിയ ആളുകളെ കണ്ടെത്തുകയാണ്. മറ്റു തൊഴിലൊന്നുമില്ലാതെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കാണ് മുൻഗണന.
പാചകത്തിന് പ്രധാനികളായി സ്ത്രീകളാണെങ്കിലും ഭക്ഷണസാധനങ്ങൾ എത്തിക്കുന്നത് പുരുഷന്മാരാണ്.
പ്രയാസങ്ങളേറെയുള്ള ഈ കൊവിഡ് കാലത്ത് ഒരു തൊഴിൽ ലഭിച്ചുവെന്നതിനേക്കാൾ രോഗികൾക്ക് ഭക്ഷണം എത്തിക്കാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യമാണുള്ളതെന്ന് അടുക്കളയുടെ ചുമതലയുള്ള ഷീബ പറയുന്നു. ഇപ്പോൾ ജിജി ബെന്നി, പ്രിയ, സെൽമ, ഷൈജു കോച്ചേരി എന്നിവരാണ് ഇവർക്കൊപ്പമുള്ളത്.