കൽപ്പറ്റ: വയനാട് എം.പി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കളക്‌ട്രേറ്റിൽ നടന്ന കൊവിഡ് അവലോകന യോഗത്തിൽ നിന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയെ മാറ്റിനിർത്തിയതായി പരാതി. ജനാധിപത്യ രാജ്യത്തിൽ ഒരു ജനപ്രതിനിധിയെ അവഹേളിക്കുന്ന നടപടിയാണുണ്ടായതെന്ന് കെ.ബി നസീമ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

എം.പി വിളിച്ച അവലോകന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുക്കരുതെന്ന് എന്തടിസ്ഥാനത്തിലാണ് പറയുകയെന്നും, തന്നെ മാറ്റിനിർത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺ വന്നതിന് ശേഷം കൽപ്പറ്റ എം.എൽ.എ സി.കെ ശശീന്ദ്രൻ ഇടപെട്ടിട്ടാണെന്നും കെ.ബി നസീമ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ ഉദ്ഘാടനം റദ്ദാക്കിയതിന് സമാന രീതിയിലുള്ള ഇടപെടലാണ് ഇതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുറ്റപ്പെടുത്തി. കൽപ്പറ്റ എം.എൽ.എ സങ്കുചിത രാഷ്ട്രീയം മറന്ന് ജനപ്രതിനിധിയെന്ന നിലയിലേക്ക് ഉയരണമെന്നും അവർ പറഞ്ഞു.