
തൃശ്ശിലേരി (വയനാട്): നെൽകർഷകർ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കാൻ വയനാടിന്റെ നെല്ലറയായ തൃശ്ശിലേരിയിലെ പാടങ്ങളിൽ രാഹുൽഗാന്ധി എം.പിയുടെ സന്ദർശനം. ചരിത്രവും പൈതൃകവും ഉറങ്ങുന്ന പാടങ്ങളിലൂടെ നടന്ന് രാഹുൽഗാന്ധി പരമ്പരാഗത കൃഷി രീതിയെക്കുറിച്ച് കർഷകരോട് ചോദിച്ചറിഞ്ഞു. മൂന്നു ദിവസത്തെ വയനാട് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി എം.പി ബുധനാഴ്ച ഉച്ചയോടെയാണ് തൃശ്ശിലേരിയിലെത്തിയത്. കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്കൊപ്പം തൃശ്ശിലേരിയുടെ ചരിത്രം കൂടി കേട്ടതോടെ രാഹുലിന്റെ മുഖത്ത് പലവിധ ഭാവങ്ങൾ മിന്നിമറഞ്ഞു. നക്സലൈറ്റ് നേതാവ് എ. വർഗീസിന്റെ നേതൃത്വത്തിലും കർഷകസംഘവും കൂലിക്ക് വേണ്ടി നടത്തിയ സമരവും ആദിവാസികൾ നടത്തിയ പ്രസിദ്ധമായ വല്ലി സമരവും ആദിവാസികളായ അടിയർ തൃശ്ശിലേരിയെ നെല്ലറയാക്കാൻ ചോര നീരാക്കിയ കഥയും തൃശ്ശിലേരിയിലെത്താൻ തിരുനെല്ലിയിൽ നിന്ന് നരിനിരങ്ങി മല ഇറങ്ങി വന്നതുമെല്ലാം രാഹുൽ സാകൂതം കേട്ടുനിന്നു. പാടത്തിറങ്ങിയ അദ്ദേഹം വയനാടിന്റെ പരമ്പരാഗത പൈതൃക വിത്തുകൾ കൃഷി ചെയ്ത ഓരോ സ്ഥലവും നടന്ന് കണ്ടു. കർഷകനായ ജോൺസണും പരമ്പരാഗത നെൽവിത്ത് സംരക്ഷകനായ ചെറുവയൽ രാമനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന നെല്ല് സംസ്‌കരണ കേന്ദ്രവും സന്ദർശിച്ചു. ജൈവ കൃഷിക്ക് നേതൃത്വം നൽകുന്ന തിരുനെല്ലി അഗ്രോ പ്രൊഡ്യൂസർ കമ്പനി സ്ഥാപകൻ രാജേഷ് കൃഷ്ണന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. നാടൻ ചോറും പുളിശ്ശേരിയും എരിശ്ശേരിയും കഴിച്ചാണ് മടങ്ങിയത്. രാജ്യസഭാംഗം കെ.സി. വേണുഗോപാൽ, നബാർഡ് ഡി.എം ജിഷ വടക്കുംപറമ്പിൽ എന്നിവരും കൂടെയുണ്ടായിരുന്നു.