കാട്ടിക്കുളം: അന്തർ സംസ്ഥാന പാതയായ മാനന്തവാടി മൈസൂർ റോഡിലെ കാട്ടിക്കുളം ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് സി.ഐ പി.എൽ ഷൈജുവും സംഘവും നടത്തിയ മിന്നൽ പരിശോധനയിൽ ഓഫീസിന്റെ സീലിങ്ങിന് മുകളിലായി ഒളിപ്പിച്ച 6940 രൂപ കണ്ടെത്തി.

കൂടാതെ ചെക് പോസ്റ്റ് കടന്നുവന്ന ചരക്ക് വാഹനങ്ങൾ പരിശോധിച്ചതിൽ മിക്കതിലും 2 ടണ്ണോളം അധികഭാരവും കണ്ടെത്തി. ഇവ കടത്തിവിടുന്നതിനായി മോട്ടോർ വാഹന ഉദ്യോഗസ്ഥർ കൈപ്പറ്റിയ പാരിതോഷികങ്ങളും വിജിലൻസ് പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. എം.വി.ഐ റ്റിജോ രാജു, ഓഫീസ് അസിസ്റ്റന്റ് ജയരാമൻ എന്നിവർക്കെതിരെ നടപടികൾക്ക് ശുപാർശ ചെയ്തതായി വിജിലൻസ് സംഘം അറിയിച്ചു.

ഇന്നലെ പുലർച്ചെ 4 മണിയോടെയാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. ആരും കാണാത്ത വിധത്തിലും എന്നാൽ പെട്ടെന്ന് എടുത്ത് കൊണ്ട് പോകാൻ പറ്റുന്ന തരത്തിലുമായിരുന്നു മച്ചിന്റെ അരികിലായി കൈക്കൂലിയിനത്തിൽ വാങ്ങിയ പണം സൂക്ഷിച്ചിരുന്നത്. കൂടാതെ അമിത ഭാരം കയറ്റി വന്ന വാഹന ഉടമകളിൽ നിന്നുമായി പഴവർഗ്ഗങ്ങളടക്കമുള്ള പാരിതോഷികങ്ങൾ സ്വീകരിച്ചതും പരിശോധനയിൽ കണ്ടെത്തി.

മോട്ടോർ വാഹന ഉദ്യോഗസ്ഥർ കടത്തിവിട്ട വാഹനങ്ങൾ പരിശോധിച്ചതിൽ മിക്കതിലും 2 ടണ്ണോളം അമിതഭാരവും കണ്ടെത്തി. ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെയും, ഓഫീസ് അസിസ്റ്റന്റിനെതിരെയും നടപടിക്ക് ശുപാർശ ചെയ്തതെന്ന് വിജിലൻസ് സംഘം അറിയിച്ചു.