പുൽപ്പള്ളി: ലോക്ഡൗണിനെത്തുടർന്ന് അടച്ചിട്ട പുൽപ്പള്ളി വണ്ടിക്കടവിലെ പഴശ്ശി മ്യൂസിയം ഏഴ് മാസത്തിനുശേഷം സന്ദർശകർക്കായി വീണ്ടും തുറന്നു. മറ്റ് ടൂറിസം കേന്ദ്രങ്ങൾക്കൊപ്പം കഴിഞ്ഞ ദിവസം മുതലാണ് ഇവിടെയും തുറന്നുകൊടുത്തത്. പ്രതിദിനം 150 സന്ദർശകർക്കാണ് അനുമതി.
പഴശ്ശി രാജാവിന്റെ ജീവചരിത്രം പ്രതിബാധിക്കുന്ന പെയിന്റിംഗുകളും പുഷ്‌പോദ്യാനവുമാണ് ഇവിടുത്തെ പ്രത്യേകത. കുട്ടികൾക്കായുള്ള പാർക്കും ഇവിടെയുണ്ട്.

കർണാടക അതിർത്തിയോട് ചേർന്ന് കന്നാരംപുഴയുടെ തീരത്താണ് പഴശ്ശി മ്യൂസിയം. പഴശ്ശിയുടെ പൂർണ്ണകായ പ്രതിമ ഏറെ ആകർഷകമായാണ് നിർമ്മിച്ചിട്ടുള്ളത്. വനാതിർത്തിയായതിനാൽ കുളിർമയുള്ള കാലാവസ്ഥയാണ് ഇവിടെ. പാർക്കിന്റെ പ്രവർത്തന സമയം വൈകീട്ട് 5 വരെയാണ്. ഡി.ടി.പി.സി കോടിക്കണക്കിന് രൂപയുടെ പുതിയ പദ്ധതികൾ ഇവിടെ വിഭാവനം ചെയ്തിട്ടുണ്ട്.

നിൽപ്പ് സമരം നടത്തി
പുൽപ്പള്ളി: ആദിവാസികൾക്കെതിരെയുള്ള വംശീയ വിഭജനം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി കേരള ആദിവാസി ഫോറം പുൽപ്പള്ളിയിൽ നിൽപ്പ് സമരം നടത്തി. എസ്.എസ്.എൽ.സി ജയിച്ച കുട്ടികൾക്ക് പ്ലസ് വൺ പഠന സൗകര്യമൊരുക്കുക, ഓൺലൈൻ പഠന സൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന കമ്മറ്റി അംഗം എ.ഡി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ ചന്തുണ്ണി, ബാലൻ തുടങ്ങിയവർ സംസാരിച്ചു.