
പുൽപ്പള്ളി: ഒരു മാസത്തിലേറെയായി ആടുകളെ മാത്രം കൊന്നുതിന്ന് നാട്ടിൽ ഭീതി പടർത്തിയ കടുവ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി. പുൽപ്പള്ളി ചീയമ്പം ആനപ്പന്തിയിൽ സ്ഥാപിച്ച കൂട്ടിൽ ഇന്നലെ രാവിലെ ആറു മണിയോടെയാണ് പെൺകടുവ അകപ്പെട്ടത്. ഇതിനെ കാണാൻ ആളുകളുടെ ഒഴുക്കായിരുന്നു.
പതിനഞ്ചോളം ആടുകളെയാണ് കൊന്നുതിന്നത്. കഴിഞ്ഞദിവസം അഞ്ച് കിലോ മട്ടൻ വെച്ചത് അകത്താക്കാൻ കയറിയതോടെ കുടുങ്ങുകയായിരുന്നു.
കടുവയ്ക്ക് പത്ത് വയസ് മതിക്കുമെന്ന് ചെതലയം റേഞ്ച് ഓഫീസർ ടി.ശശികുമാർ പറഞ്ഞു. ഏതു കാട്ടിൽ വിടണമെന്ന് അറിയാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശത്തിനായി കാക്കുകയാണ്. ജനവാസമേഖലയിൽ ഏറെ ഉപദ്രവകാരിയായി മാറിയ കടുവയെ വയനാടൻ കാട്ടിൽ വിടാൻ സാദ്ധ്യതയില്ല.
സീനിയർ വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ കടുവയെ പരിശോധി
ച്ചശേഷം ഇരുളം ഫോറസ്റ്റ് ഒാഫീസിലേക്ക് മാറ്റി.
കടുവയെ പിടികൂടാത്തതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലായിരുന്നു.
നാഷണൽ ടൈഗർ കൺസർവേറ്റർ അതോറിട്ടിയുടെ നേതൃത്വത്തിൽ പ്രാദേശിക കമ്മിറ്റിയ്ക്ക് രൂപം നൽകിയതിനു പിറകെയാണ് കഴിഞ്ഞ 8നു കൂട് സ്ഥാപിച്ചത്. വനത്തിലെ മൃഗങ്ങളെ വേട്ടയാടാൻ ശേഷിയില്ലാതെ വരുമ്പോഴാണ് നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ കടുവകൾ ആക്രമിക്കുകയെന്ന് വിദഗ്ദ്ധർ പറയുന്നു.