കൽപ്പറ്റ: കോൺഗ്രസ് മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ.രമേശൻ രാജിവെച്ച് സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. കോൺഗ്രസ് നേതൃത്വത്തിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കെ.എൻ.രമേശൻ പറഞ്ഞു.
ജനാധിപത്യ പാർട്ടി എന്നാണ് അവകാശവാദമെങ്കിലും വ്യക്തിതാൽപര്യങ്ങളുടെ സംരക്ഷണം മാത്രമാണ് കോൺഗ്രസിൽ നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് തവണ പൂതാടി മണ്ഡലം പ്രസിഡന്റ്, പഞ്ചായത്തംഗം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച രമേശൻ നിലവിൽ മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും, ചെത്ത് തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിയുമാണ്.
എൽ.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനങ്ങളോട് കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകളോട് യോജിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെ ഔദ്യോഗിക സ്ഥാനങ്ങളും പ്രാഥമിക അംഗത്വവും രാജിവെച്ച് കെ.പി.സി.സി പ്രസിഡന്റിന് കത്ത് നൽകിയിട്ടുണ്ട്.
യുവ ജനതാദൾ മുൻ ജില്ലാ ജോ.സെക്രട്ടറി ബാബു കുന്നുംപുറം, ഗോപി തോട്ടുങ്കര എന്നിവരും സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
സി.പി.എം ജില്ലാ കമ്മറ്റിയംഗം ടി.ബി.സുരേഷ്, പൂതാടി ലോക്കൽ സെക്രട്ടറി എ.വി.ജയൻ, വാകേരി ലോക്കൽ സെക്രട്ടറി സി.കെ.അയ്യൂബ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച കെ.എൻ.രമേശൻ, ബാബു കുന്നുംപുറം, ഗോപി തോട്ടുങ്കര എന്നിവരെ ജില്ലാ കമ്മിറ്റി ഓഫീസിൽ കേന്ദ്ര കമ്മറ്റിയംഗം പി.കെ.ശ്രീമതി ഹാരാർപ്പണം നടത്തി സ്വീകരിച്ചു. ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, സി.കെ.ശശീന്ദ്രൻ എം.എൽ.എ, ഒ.ആർ.കേളു എം.എൽ.എ എന്നിവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.