tiger

കൽപ്പറ്റ: കടുവകൾക്കായി വനംവന്യജീവി വകുപ്പ് സംസ്ഥാനത്ത് ആദ്യമായി അഭയപരിചരണ കേന്ദ്രം ആരംഭിക്കുന്നു. പ്രായാധിക്യവും പരിക്കും മൂലം വനാതിർത്തി ഗ്രാമങ്ങളിൽ ഇരതേടുന്നതിനിടെ പിടിയിലാകുന്ന കടുവകൾക്കായിട്ടാണ് കേന്ദ്രം.

വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിൽപ്പെട്ട പച്ചാടിയിൽ അഞ്ച് ഏക്കറാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. വനംവന്യജീവി വകുപ്പ് ദീർഘകാലം നടത്തി ഉപേക്ഷിച്ച വനലക്ഷ്മി കുരുമുളകു തോട്ടത്തിന്റെ ഭാഗമാണ് ഈ സ്ഥലം.

ആരോഗ്യം വീണ്ടെടുക്കുന്ന കടുവകളെ അവയുടെ യഥാർത്ഥ ആവാസകേന്ദ്രത്തിൽ തുറന്നുവിടുകയോ മൃഗശാലയിലേക്കു മാറ്റുകയോ ചെയ്യും.

വയനാട്ടിൽ വനത്തോടു ചേർന്ന ജനവാസകേന്ദ്രങ്ങളിൽ കുറച്ചുകാലമായി കടുവശല്യം വർദ്ധിച്ചിട്ടുണ്ട്. കാട്ടിൽ സ്വയം ഇര തേടാൻ കെൽപ്പില്ലാത്ത കടുവകളാണ് ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത്. വീടുകളുടെ പരിസരങ്ങളിലെത്തി വളർത്തുമൃഗങ്ങളെയാണ് ഇവ ആഹാരമാക്കുന്നത്. കാടിറങ്ങുന്ന കടുവകളിൽ കർണാടകയിലെ ബന്ദിപ്പുര,നാഗരഹോള വനങ്ങളിലേതും ഉൾപ്പെടും.

പറമ്പിക്കുളവും പെരിയാറുമാണ് കേരളത്തിലെ കടുവ സങ്കേതങ്ങളെങ്കിലും കേരളത്തിലെ കടുവകളിൽ പകുതിയോളം വയനാടൻ വനത്തിലാണ്.

വയനാട്ടിൽ 80 കടുവകൾ

2018ലെ സെൻസസ് അനുസരിച്ച് സംസ്ഥാനത്തെ

190 കടുവകളിൽ 80 എണ്ണം വയനാട്ടിലാണ്. രാജ്യത്തെ കടുവാസങ്കേതങ്ങളിൽ കടുവ സാന്ദ്രതയിൽ രണ്ടും മൂന്നും സ്ഥാനം യഥാക്രമം കർണാടകയിലെ നാഗർഹോളയ്ക്കും ബന്ദിപ്പുരയ്ക്കുമാണ്.

200 ചതുരശ്ര കിലോമീറ്റർ ബഫർ സോൺ അടക്കം 843 ചതുരശ്ര കിലോമീറ്ററാണ് നാഗർഹോള കടുവ സങ്കേതത്തിന്റെ വിസ്തൃതി. 2018ലെ സെൻസസ് റിപ്പോർട്ട് അനുസരിച്ചു 127 കടുവകളാണ് ഇവിടെ. ബഫർ സോൺ അടക്കം 1,020 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ബന്ദിപ്പുര വനത്തിൽ 126 കടുവകളാണുള്ളത്. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് കടുവ സങ്കേതമാണ് രാജ്യത്ത് കടുവ സാന്ദ്രതയിൽ (100 ചതുരശ്ര കിലോമീറ്ററിൽ 14) ഒന്നാം സ്ഥാനത്ത്. 520.8 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ജിം കോർബെറ്റ് കടുവ സങ്കേതത്തിൽ ഒരു വയസിലധികം പ്രായമുള്ള 231 കടുവകളാണുള്ളത്.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ വനംവന്യജീവി വകുപ്പ് വയനാട്ടിൽ അഞ്ചു കടുവകളെയാണ് ജനവാസകേന്ദ്രങ്ങളിൽനിന്ന് പിടിച്ചത്. കടുവകളുടെ ചികിത്സയ്ക്കും പരിചരണത്തിനും നിലവിൽ സംസ്ഥാനത്തു പ്രത്യേകം സംവിധാനമില്ല.

പുത്തൂർ സുവോളജിക്കൽ പാർക്കിനായി നീക്കിവച്ച 136.86 ഹെക്ടറിൽ 10 ഹെക്ടർ കടുവ പുനരധിവാസ കേന്ദ്രം തുടങ്ങുന്നതു വനംവന്യജീവി വകുപ്പിന്റെ പരിഗണനയിലുണ്ട്. വനത്തിൽനിന്നോ വനാതിർത്തികളിൽനിന്നോ പിടികുടുന്ന കടുവകളെ തിരുവനന്തപുരം മൃഗശാലയിലോ നെയ്യാർ ലയൺ സഫാരി പാർക്കിലോ പാർപ്പിക്കേണ്ട സാഹചര്യം പുനരധിവാസ കേന്ദ്രം യാഥാർഥ്യമാകുന്നതോടെ ഒഴിവാകും.

ചെലവ് 78 ലക്ഷം രൂപ

3 മാസത്തിനകം പ്രവർത്തനം ആരഭിക്കും

ഒരു സമയം നാലു കടുവകളെ സംരക്ഷിക്കാം