ആലപ്പുഴ : ജീവനക്കാരുടെ കുറവ് കാരണം കൊവിഡ് കാലത്ത് അമിതഭാരത്താൽ ബുദ്ധിമുട്ടുകയാണ് സംസ്ഥാനത്തെ ഫാർമസിസ്റ്റുമാർ. പി.എച്ച്.സികളിലും സി.എഫ്.എൽ.ടി.സി.യിലും ഒരുപോലെയാണ് ഇവർ ജോലി ചെയ്യുന്നത്. കഴിഞ്ഞ ഏപ്രിലിൽ കൂടുതൽ ഫാർമസിസ്റ്റുമാരെ നിയോഗിക്കാൻ ഹൈ ലെവൽ കമ്മിറ്റി തീരുമാനമെടുത്തിരുന്നെങ്കിലും ഇതുവരെ ഈ വിഷയത്തിൽ തീരുമാനമായിട്ടില്ല.

സംസ്ഥാനത്തെ പകുതിയിലേറെ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും ഒരു ഫാർമസിസ്റ്റ് മാത്രമേയുള്ളൂ. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ മൂന്ന് ഫാർമസിസ്റ്റുമാർ വേണമെന്നാണ് സർക്കാർ ഉത്തരവിലുള്ളത്. എന്നാൽ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവർ അവിടുത്തെ ജോലിയ്ക്ക് ശേഷമാണ് സി.എഫ്.എൽ.ടി.സിയിലെത്തുന്നത്. സി.എഫ്.എൽ.ടി.സിയിലെ ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കും വേണ്ട മരുന്നും സുരക്ഷാ മാർഗങ്ങളും എത്തിക്കുന്നതോടൊപ്പം ഇവയുടെ കണക്ക് വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുകയെന്നതാണ് ഇവരുടെ ഉത്തരവാദിത്വം.

കൂടുതൽ കൊവിഡ് കേന്ദ്രങ്ങൾ തദ്ദേശീയമായി ആരംഭിക്കുന്നതോടെ ഫാർമസിസ്റ്റുകളുടെ ക്ഷാമം രൂക്ഷമാകും. സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിൽ ഒരാൾ മാത്രം ജോലി ചെയ്യുന്നതിനാൽ ലീവെടുക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ആർദ്രം പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 250 പേരെയാണ് സർക്കാർ നിയോഗിച്ചത്. എന്നാൽ, രണ്ടാം ഘട്ടത്തിൽ ആരെയും നിയമിച്ചിട്ടില്ല. പല ആശുപത്രികളിലും ആശുപത്രി വികസന ഫണ്ട് ഉപയോഗിച്ച് താത്കാലികാടിസ്ഥാനത്തിലാണ് ഫാർമസിസ്റ്റുകളെ നിയമിച്ചിട്ടുള്ളത്.

സി.എഫ്.എൽ.ടി.സിയും ഫാർമസിസ്റ്റുമാരും

 മരുന്നും സുരക്ഷാ സാമഗ്രികളും എത്തിക്കുക

 ഇവയുടെ കണക്ക് ശേഖരിച്ച് സൂക്ഷിക്കുക

 സ്റ്റോക്ക് എടുക്കുക, ഇൻഡൻഡ് തയ്യാറാക്കുക


''തദ്ദേശീയമായി കൂടുതൽ സി.എഫ്.എൽ.ടി.സികൾ വന്നാൽ ഫാർമസിസ്റ്റുമാരുടെ ക്ഷാമം രൂക്ഷമാകാൻ സാദ്ധ്യതയുണ്ട്

-എം.കെ.പ്രേമാനന്ദൻ, കേരള ഗവ.ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി