s

ആലപ്പുഴ : പ്രചാരണ രംഗത്തെ പുതിയ പരീക്ഷണങ്ങൾക്ക് വേദിയാണ് ഓരോ തിരഞ്ഞെടുപ്പും. പുതിയ ട്രെൻഡ് അവതരിപ്പിക്കുന്നവർക്ക് വോട്ടർമാരുടെ മനസിലേക്ക് വേഗത്തിൽ കയറാനാവുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് സിനിമ പോസ്റ്ററുകളെ അനുകരിച്ചുള്ള പോസ്റ്ററുകളാണ് ഹിറ്റായത്. മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ പോസ്റ്ററാണ് അനുകരിക്കപ്പെട്ടത്.

കൊവിഡ് ഭീഷണിയിൽ നാടാകെ നട്ടം തിരിയുന്ന ഈ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് തരംഗമാകാൻ ഒന്നേയുളളൂ. മാസ്കുകൾ. ഓരോ പാർട്ടിയുടെയും ചിഹ്നങ്ങൾ ആലേഖനം ചെയ്ത മാസ്കുകൾ വിപണിയിലെത്തി തുടങ്ങി. സ്ഥാനാർത്ഥികളുടെ ചിത്രം പതിപ്പിച്ച മാസ്കുകൾ വരാനിരിക്കുന്നേയുള്ളൂ. ആളെക്കൂട്ടിയുള്ള പ്രചാരണം അനുവദിച്ചിട്ടില്ലാത്ത ഈ തിരഞ്ഞെടുപ്പിൽ താരം മാസ്ക് തന്നെയെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ ഉറപ്പിക്കുന്നു.

ഹാരങ്ങളും ഷാളും ഇത്തവണ കളത്തിനു പുറത്താണ്. പൂമാല,നോട്ടുമാല, പൂച്ചെണ്ട് എന്നിവയ്ക്കും വിലക്കുണ്ട്. സ്ഥാനാർത്ഥി ഉൾപ്പടെ അഞ്ച് പേർക്ക് മാത്രമേ പ്രചരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയൂ.

മാസ്ക് പൊളിക്കും !

അതാത് പാർട്ടിയുടെ ചിഹ്നങ്ങൾ രേഖപ്പെടുത്തിയ തുണി മാസ്‌കിന്റെ സാമ്പിൾ ഇതിനോടകം രംഗത്തെത്തി. ചിഹ്നങ്ങൾ മാസ്കുകളിൽ പ്രിന്റ് ചെയ്യാനുള്ള സൗകര്യം ഇതുവരെ ജില്ലയിലില്ല. എറണാകുളം, ചങ്ങനാശേരി ഭാഗങ്ങളിലുള്ള പ്രസുകളിലേക്കാണ് ഇവിടെ നിന്നുള്ള ഓർഡറുകൾ പോകുന്നത്. സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി കഴിഞ്ഞാലുടൻ സ്ഥാനാർത്ഥികളുടെ മുഖം ചേർത്തുള്ള മാസ്‌ക് ഇറങ്ങിത്തുടങ്ങും.

സബ്ലിമേഷൻ പ്രിന്റിംഗ്

സ്ഥാനാർത്ഥിയുടെ പേരും പടവും ചിഹ്നവും ചേർത്ത് തുണി മാസ്‌കിൽ സബ്ലിമേഷൻ പ്രിന്റിംഗാണ് നടത്തുന്നത്. ഒന്നിന് 30 രൂപ നിരക്കിലാണ് ഇപ്പോൾ പ്രിന്റിംഗ്. കൂടുതൽ പ്രസുകൾ മുന്നോട്ട് വന്നാൽ വിലയിൽ ഇടിവു വരുമെന്നാണ് സ്ഥാനാർത്ഥികളുടെ പ്രതീക്ഷ. മാസ്കുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഡിസ്കൗണ്ട് ഉണ്ട്. 50 ന് മുകളിൽ ആണെങ്കിൽ ഒന്നിന് 25 രൂപയ്ക്കും 100 എണ്ണത്തിൽ കൂടുതൽ ആണെങ്കിൽ 20 രൂപ നിരക്കിലും പ്രിന്റ് ചെയ്ത് ലഭിക്കും.

ഇത്തവണ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള പ്രചാരണ രീതിയാകും. സാമൂഹ്യ അകലത്തോടൊപ്പം പ്രധാനമാണ് മാസ്കും സാനിട്ടെസറും. സ്ഥാനാർത്ഥിയുടെ പേരും പടവും ചിഹ്നവും ചേർത്തുള്ള തുണി മാസ്‌കുകൾ ആളുകളുടെ മനസിൽ കൂടുതൽ ഇടംപിടിക്കും.

(ബഷീർ കോയാപറമ്പിൽ, ഗുരുമന്ദിരം വാർഡ് കൗൺസിലർ,ആലപ്പുഴ)