photo

 ചേർത്തല നഗരത്തിലെ ഇ- ടോയ് ലറ്റുകൾ നോക്കുകുത്തി

ചേർത്തല: ചേർത്തല നഗരത്തിൽ ലക്ഷങ്ങൾ മുടക്കി നടപ്പാക്കുന്ന മൂത്രപ്പുര പദ്ധതികളൊന്നും ലക്ഷ്യം കാണുന്നില്ല. വഴിയരികുകളും വിജനമായ സ്ഥലങ്ങളുമാണ് ശങ്ക മാറ്റാൻ ഇപ്പോഴുമുള്ള ഇടങ്ങൾ.
കെ.സി. വേണുഗോപാൽ എം.പിയായിരിക്കെ നഗരത്തിലെ നാലു കേന്ദ്രങ്ങളിൽ ഇ-ടൊയ്‌ല​റ്റ് സ്ഥാപിച്ചിട്ടും ആരും ഗൗനിച്ചില്ല. ഇതോടെ ലക്ഷങ്ങൾ മുടക്കിയ ഇവ നശിച്ചു. തുടർന്നാണ് നഗരസഭ ശുചിത്വമിഷനുമായി ചേർന്ന് 90 ലക്ഷത്തിന്റെ ഇ ടോയ് ലറ്റ് പദ്ധതി ആവിഷ്കരിച്ചത്. താലൂക്ക് ആശുപത്രിക്ക് സമീപവും മാർക്ക​റ്റിലും സ്വകാര്യ ബസ് സ്​റ്റാൻഡിലുമായി 54 യൂണി​റ്റുകൾ പൂർത്തിയാക്കി. എടുത്തുമാ​റ്റാൻ കഴിയുന്നതരത്തിലുള്ള പ്രകൃതി സൗഹൃദ ടോയ് ലറ്റുകളാണ് ഒരുക്കിയത്.

50 ലക്ഷം നഗരസഭയും 35 ലക്ഷം ശുചിത്വമിഷനും എന്നതായിരുന്നു ധാരണ. ശുചിത്വമിഷൻ കൈമാറിയത്ത് 18 ലക്ഷം മാത്രമാണ്. 17 ലക്ഷത്തിന്റെ തർക്കമാണ് ആറുമാസം മുമ്പേ പൂർത്തിയായ പദ്ധതി അനിശ്ചിതത്വത്തിലാക്കിയത്. പരിഹരിക്കാൻ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. നിരവധി ചർച്ചകൾക്കൊടുവിൽ പൂർത്തിയായ പദ്ധതി കാടുകയറിക്കിടക്കുന്നത് നിരാശാജനകമായി. പേ ആൻഡ് യൂസ് സംവിധാനം നടപ്പാക്കി കുടുംബശ്രീയെ ഏൽപ്പിക്കണമെന്ന നിർദ്ദേശങ്ങളും ഉയർന്നിട്ടുണ്ട്.

..................................


ശുചിത്വമിഷൻ ഫണ്ടിന്റെ തുക പൂർണമായി ലഭിക്കാത്തതാണ് തടസമായത്. ഇതുപരിഹരിച്ച് പദ്ധതി ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നു


വി.ടി.ജോസഫ്, ചെയർമാൻ,ചേർത്തല നഗരസഭ.