ആലപ്പുഴ : ജില്ലയിൽ സൈബർ കേസുകളിൽ അന്വേഷണം നടത്താൻ രൂപീകരിച്ച സൈബർ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു.
ജില്ല പൊലീസ് ട്രെയിനിംഗ് സെന്ററി ൽ കൊവിഡ് മാനദണ്ഡം പാലിച്ചു നടത്തിയ ചടങ്ങിൽ അഡീഷണൽ എസ്.പി എൻ. രാജൻ, ഡി.എച്ച്.ക്യൂ ഡി.സി വി.സുരേഷ് ബാബു, ജില്ലയിലെ മറ്റു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർഎന്നിവർ പങ്കെടുത്തു.
നിലവിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ പ്രവർത്തിക്കുന്ന സൈബർ സെൽതന്നെയാണ് സൈബർ പൊലീസ് സ്റ്റേഷനായി ക്രമീകരിച്ചത്. ആലപ്പുഴ സൗത്ത് ഇൻസ്‌പെക്ടർ എം.കെ രാജേഷിനാണ് സ്റ്റേഷന്റെ ചുമതല. ഓൺലൈൻ മുഖേനയുള്ള തട്ടിപ്പുകൾ, സോഷ്യൽ മീഡിയ വഴിയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ തുടങ്ങിയ പരാതികളിൻമേലാണ് അന്വേഷണം. മറ്റ് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്ന പരാതികളിൽ സാങ്കേതിക സഹായം മുമ്പ് നൽകിയിരുന്നതുപോലെ തുടരും.
04772230804 ആണ് സൈബർ പൊലീസ് സ്റ്റേഷന്റെ ഫോൺ നമ്പർ.സൈബർ സംബന്ധ മായ കേസുകളുടെ അന്വേഷണത്തിലും മറ്റും സാങ്കേതിക ജ്ഞാനം നേടിയ പൊലീസ് ഉദ്യോഗസ്ഥരുടെ മികച്ച സേവനം സൈബർപൊലീസ് സ്റ്റേഷന് മുതൽക്കൂട്ടാവുമെന്ന് ജില്ലാ പൊലീസ് മേധാവി പി. എസ്. സാബു പറഞ്ഞു.